തനിക്കെതിരെ ഉയർന്ന പീഡനാരോപണങ്ങളിൽ ബ്ലാക്മെയിലിംഗ് എന്ന വിശദീകരണവുമായി തടിതപ്പാൻ നടനും എം.എൽ.എയുമായ മുകേഷ്.അവ്വേഷണം സ്വാഗതം ചെയ്യുന്നു. വസ്തുനിഷ്ഠവും സുതാര്യവുമായ അന്വേഷണം ഇക്കാര്യത്തിൽ അനിവാര്യമാണെന്നും നടൻ പറയുന്നു.2009ൽ സിനിമയിൽ അവസരം തേടുന്നയാൾ എന്ന് സ്വയം പരിചയപ്പെടുത്തിക്കൊണ്ട് ഒരു സ്ത്രീ ബന്ധപ്പെട്ടു. വ്യക്തിപരമായ കൂടിക്കാഴ്ചയ്‌ക്കായി ഫോട്ടോ ആൽബവുമായി വീട്ടിൽ വന്ന അവർ മീനു കൂര്യൻ എന്ന് പരിചയപ്പെടുത്തി. അവസരങ്ങൾക്കായി സഹായിക്കണമെന്ന് പറഞ്ഞപ്പോൾ സാധാരണ ശ്രമിക്കാം എന്ന് പ്രതികരിച്ചു.
പിന്നീട് വളരെ കാലത്തേക്ക് അവരെ പറ്റിയുള്ള വിവരങ്ങൾ ലഭ്യമായിരുന്നില്ല. 2022 ൽ ഇതേ സ്ത്രീ വീണ്ടും ഫോണിൽ ബന്ധപ്പെടുകയുണ്ടായി. ഇത്തവണ അവർ മീനു മുനീർ എന്നാണ് പരിചയപ്പെടുത്തിയത്. തുടർന്നവർ വലിയൊരു സാമ്പത്തിക സഹായം എന്നോട് ആവശ്യപ്പെട്ടു. ഞാൻ നിസ്സഹായത അറിയിച്ചപ്പോൾ ഒരു ലക്ഷമെങ്കിലും മതിയെന്നായി. ഈ തുക ആവശ്യപ്പെട്ട് എനിക്ക് വാട്സാപ്പിൽ സന്ദേശം അയച്ചു.
ഞാൻ പണം നൽകാതിരുന്നതിനെ തുടർന്ന് ഒരു പ്രത്യേക സമുദായത്തിലെ ആളുകളോട് ഇക്കാര്യത്തിൽ ഇടപെടാൻ ആവശ്യപ്പെട്ടതായി ഈ സ്ത്രീ മറ്റൊരു സന്ദേശത്തിൽ എന്നെ അറിയിച്ചു. കുറച്ചു ദിവസങ്ങൾക്ക് ശേഷം ഇവരുടെ ഭർത്താവ് എന്നവകാശപ്പെട്ട് ഫോണിൽ വിളിച്ച് മറ്റൊരാളും വൻ തുക ആവശ്യപ്പെട്ടു. പണം ആവശ്യപ്പെട്ട് നിരന്തരം ബ്ലാക്ക്മെയിൽ ചെയ്ത ഈ സംഘം ഇപ്പോൾ അവസരം ലഭിച്ചപ്പോൾ എനിക്കെതിരെ തിരിഞ്ഞിരിക്കുകയാണെന്നും മുകേഷ് പറഞ്ഞു.