കൊച്ചി: അമ്മയുടെ ഭരണസമിതി കാണിച്ച ധാർമ്മിക മൂല്യം മനസിലാക്കാൻ പറ്റുന്ന പ്രവർത്തകനാണെങ്കിൽ ആരോപണങ്ങളുടെ പശ്ചാത്തലത്തിൽ മുകേഷ് വിട്ടുനിൽക്കണമെന്നും അതാണ് മര്യാദയെന്നും സംവിധായകൻ ജോയ് മാത്യു. അമ്മയുടെ എക്‌സിക്യൂട്ടീവ് കമ്മിറ്റിയംഗമായിരുന്ന അദ്ദേഹം ഭരണസമിതി രാജിവച്ച സാഹചര്യത്തിൽ മാദ്ധ്യമങ്ങളോട് പ്രതികരിക്കുകയായിരുന്നു.
മുകേഷിന്റെ കാര്യത്തിൽ അമ്മ സംഘടന സമ്മർദ്ദം ചെലുത്തി മാറിനിൽക്കൂ രാജിവയ്‌ക്കൂ എന്ന് പറയാൻ ആകില്ല. കാരണം, അദ്ദേഹം അമ്മയുടെ ഭരണസമിതിയിൽ ഇല്ല. മുകേഷിനോട് രാജി വയ്‌ക്കാൻ പറയേണ്ടത് മുകേഷിന്റെ പാർട്ടിക്കാരാണ്. കാരണം അദ്ദേഹം എംഎൽഎ ആണെന്നും ജോയ് മാത്യു പറഞ്ഞു.
രാജിവക്കാതിരിക്കാൻ വേണമെങ്കിൽ കുറെ ഉദാഹരണങ്ങൾ പറയാം. ആ എംഎൽഎ അങ്ങനെ ചെയ്തു, ഈ എംഎൽഎ അങ്ങനെ ചെയ്തു എന്നൊക്കെ പറയാം. അങ്ങനെ എല്ലാവരെപ്പോലെ ആവർത്തിക്കുകയല്ലല്ലോ ചെയ്യേണ്ടത് നമ്മൾ വ്യത്യസ്തരാകേണ്ടതല്ലേയെന്നും ജോയ് മാത്യു ചോദിച്ചു. അമ്മ സംഘടന വ്യത്യസ്തമാണ്. സംഘടനയുടെ ഭരണസമിതി മൊത്തം മാറി നിൽക്കുകയെന്ന് പറഞ്ഞാൽ ഞങ്ങൾ ആ ധാർമ്മികത ഏറ്റെടുക്കുകയാണെന്നും ജോയ് മാത്യു പറഞ്ഞു.
മാദ്ധ്യമങ്ങളുടെ സമ്മർദ്ദം കൊണ്ടാണ് ഭരണസമിതി ഒന്നാകെ രാജിവച്ചതെന്ന ചോദ്യത്തിന് അങ്ങനെ ഒരു സമ്മർദ്ദം ഒന്നുമില്ലെന്ന് ആയിരുന്നു ജോയ് മാത്യുവിന്റെ മറുപടി. അത് അവരുടെ കച്ചവട താൽപര്യമാണ്. ആരോപണങ്ങൾ വന്ന പശ്ചാത്തലത്തിലാണ് രാജിവെച്ചതെന്നും അദ്ദേഹം പറഞ്ഞു.















