തിരുവനന്തപുരം: താര സംഘടനയായ അമ്മയുടെ ഭരണസമിതി പൂർണമായി പിരിച്ചു വിടേണ്ടിയിരുന്നില്ലെന്ന് നടൻ ഷമ്മി തിലകൻ. കുറ്റാരോപിതർ മാത്രം രാജിവക്കേണ്ട സ്ഥാനത്താണ് ഭരണ സമിതി കൂട്ടമായി പിരിച്ചുവിട്ടത്. കൂട്ടരാജി അമ്മ എന്ന സംഘടനയിലെ മറ്റ് അംഗങ്ങളെ അനിശ്ചിതത്തിലാക്കുന്ന നടപടിയാണെന്നും അദ്ദേഹം പറഞ്ഞു. അമ്മയുടെ ഭരണസമിതിയിലുണ്ടായ കൂട്ടരാജിക്ക് പിന്നാലെ മാദ്ധ്യമങ്ങളോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം.
”അമ്മയിൽ കൂട്ടരാജിയുടെ ആവശ്യമുണ്ടായിരുന്നുവെന്ന് തോന്നിയില്ല. കുറ്റാരോപിതർ മാത്രമായിരുന്നു രാജി വക്കേണ്ടത്. തെറ്റുപറ്റിയിട്ടുണ്ടെങ്കിൽ തിരുത്തുകയെന്ന മനസാണ് ആദ്യം വേണ്ടത്. അതിന് വേണ്ടിയായിരുന്നു സംഘടനയിൽ പ്രവർത്തിച്ച കാലം മുതൽ ഞാൻ ശബ്ദമുയർത്തിയിരുന്നത്. അങ്ങനെ ശബ്ദമുയർത്തുന്നവരെ അടിച്ചമർത്താൻ ശ്രമിക്കും. തെറ്റുകൾക്കെതിരെ ശബ്ദമുയർത്തിയപ്പോൾ ഞാനും പുറത്തായി. എന്നാൽ സംഘടനയുടെ ഇപ്പോഴത്തെ നിലപാട് ആവശ്യമായി തോന്നിയില്ല. വോട്ട് ചെയ്തർക്ക് നേരെ ഭരണസമിതി കാണിച്ച അനീതിയായാണ് ഇതിനെ കാണാൻ സാധിക്കുക.”- ഷമ്മി തിലകൻ പറഞ്ഞു.
അമ്മ എന്ന സംഘടന സ്ഥാപിതമായപ്പോൾ മുതൽ പിതാവിനെതിരായുള്ള അനീതി നിലനിന്നിരുന്നുവെന്നും ഷമ്മി തിലകൻ വ്യക്തമാക്കി. ജാതീയമായ അനീതികൾക്ക് ബലിയാടായതാണ് തന്റെ പിതാവെന്നും സംഘടന നയിക്കാൻ ഇനി പുതിയ തലമുറ വരേണ്ടതുണ്ടെന്നും അദ്ദേഹം പറഞ്ഞു. സ്ത്രീകൾ നേതൃത്വനിരയിലേക്ക് മുന്നിട്ടു വരണം. സംഘടനയെ കൂടുതൽ നന്നായി മുന്നോട്ട് നയിക്കാൻ കെൽപ്പുള്ളവർ സംഘടന ഏറ്റെടുത്ത് പ്രവർത്തിപ്പിക്കണമെന്നും ഷമ്മി തിലകൻ വ്യക്തമാക്കി.
ഹേമ കമ്മിറ്റി റിപ്പോർട്ട് പുറത്തുവിട്ടതിന് പിന്നാലെ നിരവധി താരപ്രമുഖരാണ് ലൈംഗികാരോപണങ്ങൾ നേരിട്ടത്. അമ്മ സംഘടനയുടെ ഭാരവാഹികൾ ഉൾപ്പെടെയുള്ളവർക്ക് നേരെ ആരോപണങ്ങൾ ഉയർന്നതോടെ ഭരണസമിതി പൂർണമായി രാജി വയ്‌ക്കുകയായിരുന്നു. പ്രസിഡന്റായിരുന്ന മോഹൻലാൽ ഉൾപ്പെടെയാണ് രാജിവച്ചത്.