കൊച്ചി: ജസ്റ്റീസ് ഹേമ കമ്മിറ്റി റിപ്പോർട്ടിന്റെ പശ്ചാത്തലത്തിൽ സർക്കാർ വിളിച്ച സിനിമാ പ്രവർത്തകരുടെ കോൺക്ലേവിനോട് യോജിപ്പില്ലെന്ന് സംവിധായകൻ ജോയ് മാത്യു. നാലരക്കൊല്ലം റിപ്പോർട്ട് പൂഴ്‌ത്തിവച്ചവരല്ലേ. ഇതിൽ ഏറ്റവും വലിയ ക്രൈം ചെയ്തിരിക്കുന്നത് സാംസ്‌കാരിക മന്ത്രിയാണെന്നും ജോയ് മാത്യു ആരോപിച്ചു. അമ്മയുടെ ഭരണസമിതിയുടെ രാജിയുടെ പശ്ചാത്തലത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.
നാലരക്കൊല്ലം റിപ്പോർട്ട് പൂഴ്‌ത്തിവച്ചുവെന്നതിന് അർത്ഥം ഇരയാക്കപ്പെട്ടവർക്ക് നാലരക്കൊല്ലം നീതി തടഞ്ഞുവെച്ചു. അല്ലെങ്കിൽ ഇതിന്റെ അടിസ്ഥാനത്തിൽ കൊണ്ടുവരേണ്ട പരിഷ്‌കാരങ്ങൾ നാലരക്കൊല്ലം വൈകിപ്പിച്ചു എന്നാണ്. ആരാണ് ഉത്തരവാദിയെന്ന് ജോയ് മാത്യു ചോദിച്ചു. സാംസ്‌കാരിക മന്ത്രി തന്നെയാണ് ഒരു സംശയവുമില്ല. അദ്ദേഹം വിളിച്ചുകൂട്ടുന്ന കോൺക്ലേവിൽ ഞാനൊന്നും പങ്കെടുക്കില്ല. ഇനി അമ്മയുടെ ഭാരവാഹിയാണെങ്കിൽ പോലും പങ്കെടുക്കില്ലെന്നും ജോയ് മാത്യു പറഞ്ഞു.
അമ്മ കോൺക്ലേവിൽ പങ്കെടുക്കണോ വേണ്ടയോ എന്ന് അഡ്‌ഹോക്ക് കമ്മിറ്റിയോ ഉത്തരവാദപ്പെട്ടവരോ തീരുമാനിക്കും. ഞാൻ വ്യക്തിപരമായി കോൺക്ലേവിന് എതിരാണ്. അതിലൊന്നും വലിയ കാര്യമില്ല, കാണിച്ചുകൂട്ടൽ മാത്രമാണ്, കോൺക്ലേവിലൂടെ പ്രശ്‌നങ്ങൾ പരിഹരിക്കാൻ പറ്റില്ല.
ഹേമ കമ്മിറ്റിയിൽ കുറച്ച് നിർദ്ദേശങ്ങൾ വന്നിട്ടുണ്ട്. ആ നിർദ്ദേശങ്ങൾ പ്രാവർത്തികമാക്കാൻ നോക്കുകയാണ് വഴി. അത് നടപ്പിലാക്കാൻ സിനിമാ സെറ്റുകളിൽ അമ്മയ്‌ക്ക് സപ്പോർട്ട് ചെയ്യാനേ കഴിയൂ. കാരണം അതിൽ പലതും പ്രൊഡ്യൂസർമാർക്കേ ചെയ്യാൻ കഴിയൂവെന്നും ജോയ് മാത്യു പറഞ്ഞു.















