കൊല്ലം: ലൈംഗികാരോപണങ്ങൾ നേരിടുന്ന കൊല്ലം എംഎൽഎയും നടനുമായ മുകേഷിനെതിരെ പ്രതിഷേധവുമായി യുവമോർച്ച. കൊല്ലം ആനന്ദവല്ലീശ്വരത്തെ എംഎൽഎ ഓഫീസിൽ പ്രവർത്തകർ റീത്തുവച്ചു. മുകേഷിനെതിരെ ലൈംഗികാരോപണങ്ങൾ വരുന്ന സാഹചര്യത്തിൽ എംഎൽഎ പദവി രാജിവക്കണമെന്ന് ആവശ്യപ്പെട്ടായിരുന്നു പ്രതിഷേധം.
മുദ്രാവാക്യങ്ങൾ വിളിച്ച് സ്ത്രീകൾ ഉൾപ്പെടെയുള്ള പ്രവർത്തകരാണ് എംഎൽഎ ഓഫീസിലേക്കെത്തിയത്. മുകേഷ് മാപ്പ് പറയണമെന്നും രാജിവച്ചൊഴിയണമെന്നും യുവമോർച്ച ആവശ്യപ്പെട്ടു. സ്ത്രീത്വത്തെ അപമാനിക്കുകയാണ് മുകേഷ് ചെയ്തതെന്നും ഇത്തരത്തിലൊരാൾക്ക് പദവിയിലിരിക്കാൻ യോഗ്യതയില്ലെന്നും ചൂണ്ടിക്കാട്ടിയുള്ള മുദ്രാവാക്യങ്ങളായിരുന്നു യുവമോർച്ച ഉയർത്തിയത്. സമാധാനപരമായി നടത്തിയ പ്രതിഷേധം പൊലീസ് തടഞ്ഞു.
അതേസമയം മുകേഷിനെതിരെ സിപിഎമ്മിൽ നിന്നും വിമർശനങ്ങൾ ഉയരുകയാണ്. പദവി രാജി വച്ച് അന്വേഷണത്തിന് മുകേഷ് തയ്യാറാവണമെന്ന് സിപിഐ നേതാവ് ആനിരാജ ആവശ്യപ്പെട്ടു. മുകേഷ് സ്വയം മാറി നിന്നില്ലെങ്കിൽ മാറ്റി നിർത്തി അന്വേഷിക്കണമെന്നും അവർ സർക്കാരിനോട് ആവശ്യപ്പെട്ടിരുന്നു.















