തിരുവനന്തപുരം: ഹേമ കമ്മിഷൻ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ നടപടി സ്വീകരിക്കാൻ സർക്കാർ തയ്യാറാവണമെന്ന് എബിവിപി സംസ്ഥാനസെക്രട്ടറി ഈ യു ഈശ്വരപ്രസാദ്. അല്ലാത്തപക്ഷം സർക്കാരിനെതിരെ പ്രധിഷേധങ്ങളുമായി മുന്നോട്ട് പോകുമെന്നും ഈശ്വരപ്രസാദ് പ്രസ്താവനയിലൂടെ അറിയിച്ചു.
കൊല്ലം എംഎൽഎ മുകേഷ് ഉൾപ്പെടെയുള്ളവരെ സർക്കാർ സംരക്ഷിക്കുന്നതിനാൽ അതിജീവിതരായവർക്ക് പരാതിയുമായി മുന്നോട്ട് പോകുവാൻ ഭയം ഉണ്ടാകുന്നുവെന്നും ഈശ്വരപ്രസാദ് ചൂണ്ടിക്കാട്ടി.
നിരവധി അതിജീവിതകളുടെ മൊഴികളും തെളിവുകളും അടക്കമുള്ള കാര്യങ്ങൾ കയ്യിൽ ഉണ്ടായിട്ടും അതിന്റെ അടിസ്ഥാനത്തിൽ സർക്കാർ നടപടിയെടുക്കാൻ തയ്യാറാവാത്തത് ഉന്നതരെ സംരക്ഷിക്കാൻ വേണ്ടിയാണ്. കൃത്യമായ തെളിവുകൾ കയ്യിൽ ഉണ്ടായിട്ടും സർക്കാർ നടപടി സ്വീകരിക്കാത്തതിനാലാണ് നിലവിൽ വലിയ രീതിയിലുള്ള ആരോപണങ്ങൾ ഉയരുന്നത്. ആരോപണങ്ങളുടെ വസ്തുത എന്താണെന്ന് വ്യക്തമല്ലാത്ത സാഹചര്യവും സമൂഹത്തിലുണ്ടാകുന്നുവെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി.
സിനിമ നയ രൂപീകരണ സമിതിയിൽ ആരോപണവിധേയനായ മുകേഷ് ഉൾപ്പെടെയുള്ളവർ അംഗങ്ങൾ ആകുന്നത് സർക്കാർ തന്നെ ഈ പ്രശ്‌നങ്ങൾക്ക് തുരങ്കം വയ്‌ക്കുന്നു എന്ന് തെളിയിക്കുന്നതാണ്. സ്ത്രീകൾക്ക് തൊഴിലിടങ്ങളിൽ ഇത്തരത്തിൽ അരക്ഷിതാവസ്ഥ ഉണ്ടെന്ന് തെളിയിക്കുന്ന ഹേമ കമ്മീഷൻ റിപ്പോർട്ട് ലഭിച്ചിട്ടും നാലു വർഷത്തോളം ഒരു നടപടിയും സ്വീകരിക്കാതെ പൂഴ്‌ത്തിവച്ചത് സർക്കാർ വേട്ടക്കാരോടൊപ്പമാണെന്ന് തെളിയിക്കുന്നതാണ്.
സിനിമ മേഖല ഉൾപ്പടെ എല്ലാ മേഖലയിലും സ്ത്രീകൾക്ക് സുരക്ഷിതമായി തൊഴിൽ ചെയ്യുവാനുള്ള നടപടികൾ സ്വീകരിക്കാൻ സർക്കാർ ബാധ്യസ്ഥരാണ്. പല പ്രസക്ത ഭാഗങ്ങൾ ഒഴിവാക്കി ആണ് സർക്കാർ റിപ്പോർട്ട് പുറത്ത് വീട്ടിട്ടുള്ളത്. റിപ്പോർട്ടിൽ പരാമർശിക്കപ്പെട്ട ഉന്നതർക്കെതിരെ സ്വമേധയാ കേസ് എടുക്കാൻ തയ്യാറാവണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.