തിരുവനന്തപുരം: അമ്മ ജനറൽ സെക്രട്ടറിയായിരുന്ന നടൻ സിദ്ദിഖിനെതിരെ പൊലീസിൽ പരാതി നൽകി നടി രേവതി സമ്പത്ത്. പ്രായപൂർത്തിയാകുന്നതിന് മുമ്പ് സിദ്ദിഖ് പീഡിപ്പിച്ചെന്ന് ചൂണ്ടിക്കാട്ടിയാണ് നടി പരാതി നൽകിയത്. ഇ-മെയിൽ വഴി ഡിജിപിക്ക് പരാതി കൈമാറിയതായി രേവതി പറഞ്ഞു.
തുടർ നടപടിക്കായി പരാതി പ്രത്യേക സംഘത്തിന് കൈമാറും. സിനിമയിൽ അവസരം നൽകാമെന്ന് വാഗ്ദാനം ചെയ്താണ് തന്നെ വിളിച്ചു വരുത്തി പീഡിപ്പിച്ചതെന്ന് യുവതിയുടെ പരാതിയിൽ പറയുന്നു. പരാതിയിൽ പറയുന്ന അതിക്രമങ്ങൾ തിരുവനന്തപുരത്ത് വച്ച് ഉണ്ടായതിനാൽ അവിടെയാകും എഫ്‌ഐആർ രജിസ്റ്റർ ചെയ്ത് അന്വേഷണം നടത്തുക.
സംഭവത്തിൽ ഗൂഡാലോചന ആരോപിച്ച് സിദ്ദിഖ് പൊലീസിൽ നേരത്തെ പരാതി നൽകിയിരുന്നു. ഇതിന് പിന്നാലെയാണ് തന്നെ പീഡിപ്പിച്ചതിൽ സിദ്ദിഖിനെതിരെ കേസെടുക്കണമെന്ന് ആവശ്യപ്പെട്ട് രേവതി പരാതി കൈമാറിയത്. ഹേമ കമ്മിറ്റി റിപ്പോർട്ട് പുറത്തുവന്നതിന് പിന്നാലെയാണ് രേവതി സമ്പത്ത് സിദ്ദിഖിനെതിരെ ആരോപണവുമായി രംഗത്തെത്തിയത്. തന്നെ ക്രൂരമായി നടൻ ഉപദ്രവിച്ചെന്നും സിനിമയുടെ കഥ പറയാനെന്ന വ്യാജേനയാണ് വിളിച്ചു വരുത്തിയതെന്നും നടി ആരോപിച്ചിരുന്നു.