എറണാകുളം: മാദ്ധ്യമങ്ങളിലൂടെ തനിക്കെതിരെ ലൈംഗികാതിക്രമ ആരോപണങ്ങൾ ഉന്നയിച്ച രണ്ട് സ്ത്രീകൾക്കെതിരെ പരാതി നൽകി നടൻ ഇടവേള ബാബു. ജുബിത, മിനു മുനീർ എന്നിവർക്കെതിരെയാണ് ഇടവേള ബാബു, ഡിജിപിക്കും സർക്കാർ നിയോഗിച്ച അന്വേഷണ സംഘത്തിനും പരാതി നൽകിയത്. ഇ-മെയിൽ വഴി പരാതി കൈമാറിയതായി നടൻ പറഞ്ഞു.
ഇക്കഴിഞ്ഞ ദിവസങ്ങളിലെല്ലാം കണ്ടത് തനിക്കെതിരായ ഗൂഡാലോചനയാണ്. ഇതിന്റെ ഭാഗമായാണ് തനിക്കെതിരെ ലൈംഗികാരോപണങ്ങൾ രണ്ട് സ്ത്രീകൾ ഉന്നയിച്ചത്. ഇതേത്തുടർന്നാണ് ഡിജിപിക്ക് പരാതി നൽകിയതെന്നും സംഭവത്തിൽ കൃത്യമായ അന്വേഷണം നടത്തണമെന്ന് ആവശ്യപ്പെട്ടതായും അദ്ദേഹം പറഞ്ഞു.
അഭിഭാഷകരിൽ നിന്നും നിയമോപദേശം തേടിയതിന് ശേഷം തുടർ നടപടികളുമായി മുന്നോട്ടു പോകും. ആരോപണങ്ങളെ നിയമപരമായി നേരിടുമെന്നും ഇടവേള ബാബു വ്യക്തമാക്കി. ഹേമ കമ്മിറ്റി റിപ്പോർട്ട് വന്നതിന് പിന്നാലെയാണ് ഇടവേള ബാബുവിനെതിരെയും അമ്മയിലെ മറ്റ് ഭാരവാഹികൾക്കെതിരെയും ലൈംഗികാതിക്രമ ആരോപണങ്ങളുമായി സ്ത്രീകൾ രംഗത്തെത്തിയത്.