ന്യൂഡൽഹി ; ജന്മാഷ്ടമി ആഘോഷങ്ങളുമായി ബന്ധപ്പെട്ട് ഇന്ത്യയിൽ നടന്നത് വമ്പൻ ബിസിനസ് നേട്ടമെന്ന് റിപ്പോർട്ട് . കോൺഫെഡറേഷൻ ഓഫ് ഓൾ ഇന്ത്യ ട്രേഡേഴ്‌സിന്റെ (സിഎഐടി) കണക്കനുസരിച്ച് ജന്മാഷ്ടമി ആഘോഷങ്ങൾ രാജ്യത്തിന് നേടിത്തന്നത് 25,000 കോടിയുടെ ബിസിനസാണ്.
വർഷത്തിലെ ഏറ്റവും വാണിജ്യപരവും, സജീവവുമായ സമയമായിരുന്നു ജന്മാഷ്ടമി എന്നാണ് റിപ്പോർട്ട് . ജന്മാഷ്ടമി വേളയിൽ, പൂക്കൾ, പഴങ്ങൾ, മധുരപലഹാരങ്ങൾ, വെണ്ണ, ഉണങ്ങിയ പഴങ്ങൾ, ദേവതകളുടെ വസ്ത്രങ്ങൾ, അലങ്കാരവസ്തുക്കൾ, ഉപവാസ പലഹാരങ്ങൾ, പാൽ, തൈര്, എന്നിവയിൽ വലിയ തോതിലുള്ള വിൽപ്പന നടന്നതായി സിഎഐടിയുടെ ദേശീയ ജനറൽ സെക്രട്ടറി പ്രവീൺ ഖണ്ഡേൽവാൾ പറഞ്ഞു.
സനാതന സംസ്ക്കാരത്തിന്റെ ഭാഗമായ ജന്മാഷ്ടമി പോലുള്ള ഉത്സവങ്ങൾ രാജ്യത്തിന്റെ സമ്പദ്‌വ്യവസ്ഥയെ ശക്തിപ്പെടുത്തുമെന്നും ഖണ്ഡേൽവാൾ പറഞ്ഞു.ജന്മാഷ്ടമി രാജ്യത്തുടനീളം വളരെ ആവേശത്തോടെയാണ് ആഘോഷിച്ചത് ,പ്രത്യേകിച്ച് ഉത്തരേന്ത്യയിലും പടിഞ്ഞാറൻ ഇന്ത്യയിലും, ഗംഭീര ആഘോഷങ്ങളാണ് നടന്നത് . അതുകൊണ്ട് തന്നെ വാണിജ്യപരമായി ഏറെ നേട്ടമുണ്ടായതും ആ സംസ്ഥാനങ്ങളിലാണെന്ന് സിഎഐടിയുടെ ദേശീയ പ്രസിഡൻ്റ് ബിസി ഭാരതിയ പറഞ്ഞു.
ഈ മാസം ആദ്യം രക്ഷാബന്ധൻ ദിനത്തിൽ രാജ്യത്തുടനീളം 12,000 കോടി രൂപയുടെ ഉത്സവ വ്യാപാരം സിഎഐടി പ്രതീക്ഷിച്ചിരുന്നു. 2022-ൽ, രക്ഷാബന്ധൻ ദിനത്തിൽ ബിസിനസ്സ് ഏകദേശം 7,000 കോടി രൂപയായിരുന്നു. 2021ൽ ഇത് 6,000 കോടി രൂപയായിരുന്നു. 2020ൽ 5,000 കോടിയും, 2019ൽ ഇത് 3,500 കോടിയുമായിരുന്നുവെന്ന് റിപ്പോർട്ടിൽ പറയുന്നു.















