പിത്തോരാഗഡ്: ഉത്തരാഖണ്ഡിലെ പ്രശസ്തമായ ഓം പർവ്വതത്തിലെ മഞ്ഞ് ഇതാദ്യമായി പൂർണമായും അലിഞ്ഞ് ഇല്ലാതായി. കഴിഞ്ഞ അഞ്ച് വർഷത്തിനിടെ മേഖലയിൽ സംഭവിച്ച കാലാവസ്ഥാ വ്യതിയാനങ്ങളും മലിനീകരണവും ആഗോളതാപനവുമാണ് ഇതിന് പിന്നിലെന്നാണ് വിദഗ്ധർ പറയുന്നത്. ഒരു ദിവസമാണ് ഇത്തരത്തിൽ ഓം പർവ്വതത്തിൽ ഒരു തരി പോലും മഞ്ഞ് ഇല്ലാത്ത അവസ്ഥ ഉണ്ടായത്. തൊട്ടടുത്ത ദിവസം മഞ്ഞുവീഴ്‌ച്ച ഉണ്ടായതോടെ പർവ്വതത്തിൽ വീണ്ടും മഞ്ഞ് തിരികെ വന്നു.
14,000 അടി ഉയരത്തിൽ സ്ഥിതി ചെയ്യുന്ന ഓം പർവ്വതം, വ്യാസ് താഴ്‌വരയിലെ പ്രശസ്തമായ വിനോദസഞ്ചാര കേന്ദ്രമാണിത്. പർവ്വതത്തിൽ ഓം എന്ന് എഴുതുന്ന രീതിയിലാണ് മഞ്ഞ് മൂടി കിടക്കുന്നത്. ഓം എന്ന് എഴുതിയ ഭാഗത്ത് മഞ്ഞുമൂടുകയും ഇതിന് ചുറ്റുമുള്ള ഭാഗം ഒഴിഞ്ഞു കിടക്കുകയും ചെയ്യും. ഇതോടെയാണ് സ്ഥലത്തിൽ ഓം പർവ്വതം എന്ന പേര് വരുന്നത്.
കഴിഞ്ഞ 22 വർഷത്തിനിടെ ഇതാദ്യമായാണ് പർവ്വതത്തിൽ മഞ്ഞ് ഇല്ലാത്ത അവസ്ഥ താൻ കാണുന്നത് ധാർചുലയിലെ ആദി കൈലാഷ് യാത്രയുടെ ബേസ് ക്യാമ്പിന്റെ ചുമതലയുള്ള ധൻസിംഗ് ബിഷ്ത് പറയുന്നു. പർവ്വതത്തിലെ മഞ്ഞ് 95 മുതൽ 99 ശതമാനം വരെ മഞ്ഞ് ഉരുകാറുണ്ട്. അപ്പോഴും ഓം ആകൃതിയിൽ മഞ്ഞ് അവിടെ ഉണ്ടായിരിക്കും. എന്നാൽ ഇതാദ്യമായി അവിടേയും മഞ്ഞ് ഇല്ലാത്ത സാഹചര്യം വന്നുവെന്നും ധൻസിംഗ് കൂട്ടിച്ചേർത്തു.
ഒരു ദിവസം മാത്രമാണ് ഇത്തരത്തിൽ മഞ്ഞ് ഇല്ലാത്ത സാഹചര്യമുണ്ടായത്. തൊട്ടടുത്ത ദിവസമുണ്ടായ മഞ്ഞുവീഴ്ച മൂലം ഓം ആകൃതിയിൽ വീണ്ടും മഞ്ഞ് വന്നു. മഞ്ഞില്ലാത്ത ഓം പർവ്വതം തങ്ങൾക്കും വലിയ അത്ഭുതമായിരുന്നുവെന്ന് പിത്തോരാഗാഡിലെ ജില്ലാ ഭരണകൂടം പറയുന്നു. ആഗോളതാപനമാണ് ഈ പ്രതിഭാസത്തിന് പിന്നാലെന്ന് അൽമോറയിലെ ജിബി പന്ത് നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഹിമാലയൻ എൻവയോൺമെന്റ് ഡയറക്ടർ സുനിൽ നൗട്ടിയാൽ വ്യക്തമാക്കി. ഇവിടേക്കെത്തുന്ന സഞ്ചാരികളുടെ എണ്ണത്തിൽ ഓരോ വർഷവും വർദ്ധനവ് ഉണ്ടാകുന്നുണ്ട്. വാഹനങ്ങൾ കൂടുതലായി എത്തുന്നത് അന്തരീക്ഷ മലിനീകരണത്തിനും വഴിവയ്‌ക്കുന്നു. ഇതും ഈ സാഹചര്യത്തിന് പിന്നിലുണ്ടാകാമെന്നും സുനിൽ പറയുന്നു.















