കൊൽക്കത്ത: ബംഗാളിൽ ബിജെപി നേതാവിന് നേരെ വധശ്രമം. തൃണമൂൽ കോൺഗ്രസ് പ്രവർത്തകരാണ് അക്രമം നടത്തിയത്. ബിജെപി നേതാവ് പ്രിയാങ്കു പാണ്ഡെയുടെ വാഹനത്തിന്് നേരെയായിരുന്നു അക്രമം നടത്തിയത്. നോർത്ത് 24 പർഗാനസ് ജില്ലയിലായിരുന്നു അക്രമം.
ആർജി കാർ മെഡിക്കൽ കോളജിൽ വനിതാ ജൂനിയർ ഡോക്ടർ പീഡനത്തിന് ഇരയായി കൊല്ലപ്പെട്ട സംഭവത്തിൽ ഇന്നലെ നടന്ന നബന്ന മാർച്ചിന് നേരെയുണ്ടായ പൊലീസ് അതിക്രമത്തിൽ പ്രതിഷേധിച്ച് ബിജെപി ആഹ്വാനം ചെയ്ത ബന്ദിനിടെയാണ് അക്രമം. തന്റെ കാറിന് നേർക്ക് ഏഴ് തവണ വെടിയുതിർത്തതായും ബോംബെറിഞ്ഞതായും പ്രിയാങ്കു പാണ്ഡെ പറഞ്ഞു. നോർത്ത് 24 ജില്ലയിലെ ഭാത്പാറയിൽ വച്ചാണ് അക്രമം ഉണ്ടായത്.
രാവിലെ 8.15 ഓടെ വീട്ടിൽ നിന്നിറങ്ങി മറ്റൊരു ബിജെപി നേതാവ് അർജുൻ സിംഗിന്റെ വസതിയിലേക്ക് പോകുന്നതിനിടെ ആയിരുന്നു അക്രമം. വീട്ടിൽ നിന്നിറങ്ങി മിനിറ്റുകൾക്കുളളിൽ തന്നെ വാഹനത്തിന് നേർക്ക് അക്രമം ഉണ്ടായെന്ന് പ്രിയാങ്കു പാണ്ഡെ പറഞ്ഞു. അറുപത് പേരോളം വരുന്ന തൃണമൂൽ ഗുണ്ടാസംഘം ഇരച്ചെത്തി വാഹനം തടഞ്ഞ് ആക്രമിക്കുകയായിരുന്നു.
പ്രിയാങ്കുവിനെ വധിക്കാനായിരുന്നു അക്രമികളുടെ നീക്കമെന്ന് അർജുൻ സിംഗ് ആരോപിച്ചു. ആസൂത്രിതമായ അക്രമമാണ് നടന്നതെന്നും തന്റെ സുരക്ഷ പിൻവലിച്ച ശേഷമാണ് അക്രമം നടന്നതെന്നും പ്രിയാങ്കു പാണ്ഡെ ആരോപിച്ചു. ഇന്നലെ നബന്ന മാർച്ചിൽ സർക്കാരിനെതിരെ വലിയ പ്രതിഷേധമാണ് നടന്നത്. കൊൽക്കത്തയിലും ഹൗറയിലും ഉൾപ്പെടെ പ്രതിഷേധം നടത്തിയവരെ തിരഞ്ഞുപിടിച്ച് പൊലീസ് ആക്രമിക്കുകയായിരുന്നു. ഇതിൽ പ്രതിഷേധിച്ചാണ് 12 മണിക്കൂർ ബന്ദ് ബിജെപി പ്രഖ്യാപിച്ചത്.















