ലക്നൗ ; ഗുണ്ടാനേതാവ് ഹാജി റാസയ്‌ക്കെതിരെ കർശന നടപടി സ്വീകരിച്ച് യുപി സർക്കാർ . 20 കോടി വിലമതിക്കുന്ന അനധികൃത ബഹുനില കെട്ടിടമാണ് ബുൾഡോസർ ഉപയോഗിച്ച് പൊളിച്ചു നീക്കിയത് . ഡി-69 എന്ന കുപ്രസിദ്ധ ഗുണ്ടാ സംഘത്തിലെ അംഗമായ ഹാജി റാസയ്‌ക്കെതിരെ ഗുരുതരമായ വകുപ്പുകൾ പ്രകാരം 23 ലധികം കേസുകൾ ഇതിനകം രജിസ്റ്റർ ചെയ്തിട്ടുണ്ട്.
2022 ഏപ്രിൽ 21-ന് സബ് ജില്ലാ മജിസ്‌ട്രേറ്റ് ഹാജി റാസയുടെ അനധികൃത മന്ദിരം നിയമവിരുദ്ധമാണെന്ന് പ്രഖ്യാപിക്കുകയും പൊളിക്കാൻ ഉത്തരവിടുകയും ചെയ്തിരുന്നു. രണ്ട് ബുൾഡോസറുകൾ ഉപയോഗിച്ചാണ് കെട്ടിടം പൊളിച്ച് മാറ്റിയത് . പ്രദേശത്ത് സംഘർഷാവസ്ഥ ഉണ്ടായെങ്കിലും സുരക്ഷ നിലനിർത്താൻ പത്ത് പോലീസ് സ്റ്റേഷനുകളിൽ നിന്നുള്ള പോലീസിനെയും സ്ഥലത്ത് വിന്യസിച്ചു.
എസ്ഡിഎം പ്രദീപ് രാമൻ, റവന്യൂ വകുപ്പ് ഉദ്യോഗസ്ഥർ എന്നിവരും നടപടിയ്‌ക്ക് നേതൃത്വം നൽകി. നിയമവിരുദ്ധ പ്രവർത്തനങ്ങളിൽ ഏർപ്പെട്ടിരിക്കുന്ന ആരെയും വെറുതെ വിടില്ലെന്ന വ്യക്തമായ സന്ദേശമാണ് ഈ നടപടിയെന്ന് പ്രദീപ് രാമൻ പറഞ്ഞു.