കോഴിക്കോട്: തലക്കുളത്തൂരിൽ പുഴുവരിച്ച കോഴിയിറച്ചി വിറ്റ കട പൂട്ടിച്ചു. സിപിആർ ചിക്കൻ സ്റ്റാളാണ് നാട്ടുകാരുടെ പരാതിയെ തുടർന്ന് പൂട്ടിപ്പിച്ചത്. പ്രദേശത്ത് ദുർഗന്ധം വമിക്കാൻ തുടങ്ങിയതോടെ നാട്ടുകാർ പൊലീസിനെയും പഞ്ചായത്ത് പ്രസിഡന്റിനെയും വിവരം അറിയിക്കുകയായിരുന്നു. തുടർന്ന് നടത്തിയ പരിശോധനയിൽ ചിക്കൻ സ്റ്റാളിൽ നിന്നാണ് ദുർഗന്ധം വമിക്കുന്നതെന്ന് കണ്ടെത്തി.
ചിക്കൻ സ്റ്റാളിൽ നിന്നും 33 കിലോ ചത്ത കോഴികളെ കണ്ടെടുത്തു. ഇവ പുഴുവരിച്ച നിലയിലായിരുന്നു. സംഭവത്തിൽ കടയിൽ ജോലി ചെയ്തിരുന്ന ഇതര സംസ്ഥാന തൊഴിലാളിയെ പൊലീസ് കസ്റ്റഡിയിലെടുക്കുകയും കട അടപ്പിക്കുകയും ചെയ്തു.
കോഴിക്കോട് സ്വദേശിയുടെ ഉടസ്ഥതയിലുള്ള കടയാണ് സിപിആർ ചിക്കൻ സ്റ്റാൾ. കടയുടെ ലൈസൻസ് റദ്ദാക്കാനുള്ള നടപടികൾ സ്വീകരിച്ചതായി അധികൃതർ അറിയിച്ചു.















