ന്യൂഡൽഹി: സൺസ്റ്റാർ ഓവർസീസ് ലിമിറ്റഡിന്റെ കള്ളപ്പണ വെളുപ്പിക്കൽ കേസിൽ 294.19 കോടി രൂപയുടെ സ്വത്തുക്കൾ ഇഡി കണ്ടുകെട്ടി. പ്രതികളായ രോഹിത് അഗർവാൾ, മണിക് അഗർവാൾ, സുമിത് അഗർവാൾ എന്നിവരുടെ പേരിലുള്ള സ്വത്തുക്കളാണ് കണ്ടുകെട്ടിയത്. 210.6 കോടി രൂപ വിലമതിക്കുന്ന 72 ഏക്കർ ഭൂമി, 77 കോടി വിലമതിക്കുന്ന നാല് ഫ്ലാറ്റുകൾ, 1.27 കോടി രൂപയുടെ ബാങ്ക് ബാലൻസ് എന്നിവ കണ്ടുകെട്ടിയ വസ്തുക്കളിൽ ഉൾപ്പെടുന്നു.
സോനിപത്, അമൃത്സർ, ഗുരുഗ്രാം എന്നിവിടങ്ങളിലെ സ്വത്തുക്കളാണ് കണ്ടുകെട്ടിയത്. സൺസ്റ്റാർ ഓവർസീസ് ലിമിറ്റഡിന്റെ മുൻ ഡയറക്ടർമാരായ രോഹിത് അഗർവാൾ, മണിക് അഗർവാൾ, സുമിത് അഗർവാൾ എന്നിവർക്കെതിരെ സിബിഐയും അന്വേഷണം ആരംഭിച്ചിട്ടുണ്ട്. തട്ടിപ്പിലും ഗൂഢാലോചനയിലും ഇവർക്ക് പങ്കുണ്ടെന്ന് അന്വേഷണം സംഘം കണ്ടെത്തിയിരുന്നു.
കഴിഞ്ഞ ജൂലൈയിലാണ് പ്രതികളെ ഇഡി അറസ്റ്റ് ചെയ്തത്. 950 കോടി രൂപയുടെ തട്ടിപ്പാണ് സംഘം നടത്തിയതെന്ന് അന്വേഷണത്തിൽ കണ്ടെത്തി. കേസിൽ ഈ വർഷം ജനുവരിയിലായിരുന്നു ഇഡി അന്വേഷണം ആരംഭിച്ചത്.