തിരുവനന്തപുരം: ലൈംഗികമായി ദുരുപയോഗം ചെയ്യാൻ ലക്ഷ്യമിട്ട് തന്നെ ഹോട്ടൽ മുറിയിലെത്തിച്ചുവെന്ന നടിയുടെ പരാതിയ്‌ക്ക് പിന്നാലെ ലോയേഴ്‌സ് കോൺഗ്രസ് സംസ്ഥാന അദ്ധ്യക്ഷ പദവി രാജിവച്ച് അഡ്വ. എസ് ചന്ദ്രശേഖരൻ. കെപിസിസി നിയമസഹായ സെല്ലിന്റെ ചെയർമാൻ സ്ഥാനവും രാജിവെച്ചു. രാജിക്കത്ത് കെപിസിസി പ്രസിഡന്റ് കെ സുധാകരന് കൈമാറിയിട്ടുണ്ട്.
സമീപകാല വിവാദങ്ങളുടെ പശ്ചാത്തലത്തിൽ ധാർമിക ഉത്തരവാദിത്തം ഏറ്റെടുത്തുകൊണ്ട് രാജിവയ്‌ക്കുന്നുവെന്ന് ചന്ദ്രശേഖരൻ അറിയിച്ചു. നടി ഉന്നയിച്ച കാര്യങ്ങൾ വസ്തുതാ വിരുദ്ധമാണെന്നും പിന്നിൽ രാഷ്‌ട്രീയമാണെന്നും ചന്ദ്രശേഖരൻ ഇന്നലെ വ്യക്തമാക്കിയിരുന്നു. നടിയെ കണ്ടുവെന്ന് പറയുന്നത് ശരിയാണെന്നും എന്നാൽ ആരോപിച്ച മറ്റ് കാര്യങ്ങൾ കളവാണെന്നുമായിരുന്നു അദ്ദേഹത്തിന്റെ വാദം.
ശുദ്ധരിൽ ശുദ്ധൻ എന്ന സിനിമയുടെ ലൊക്കേഷൻ കാണാനെന്ന പേരിൽ കൊച്ചിയിലെത്തിച്ച ശേഷം മറ്റൊരാൾക്ക് പരിചയപ്പെടുത്തി ഇയാൾ സ്ഥലത്ത് നിന്നും പോയി എന്നായിരുന്നു നടിയുടെ വെളിപ്പെടുത്തൽ. പിന്നീട് പരിചയപ്പെടുത്തിയ ആൾ ലൈംഗിക താൽപര്യത്തോടെ സമീപിച്ചതോടെയാണ് നടിക്ക് കെണി മനസിലായത്. താൻ അങ്ങനെയുളള ആൾ അല്ലെന്ന് പറഞ്ഞ് മനസിലാക്കി രക്ഷപെടുകയായിരുന്നെന്നും നടി ആരോപിച്ചിരുന്നു.