ഭോപ്പാൽ: വാഹനങ്ങളിടിച്ചും മറ്റും പരിക്കേൽക്കുന്ന കന്നുകാലികളുടെ ആരോഗ്യപരിരക്ഷ ഉറപ്പുവരുത്താൻ ഗ്വാളിയാറിൽ പശുരക്ഷാ വാഹനത്തിന്റെ സേവനത്തിന് തുടക്കമായി. മദ്ധ്യപ്രദേശ് മുഖ്യമന്ത്രി മോഹൻ യാദവ് ആണ് പശുസേവാ രഥ് ഫ്‌ളാഗ് ഓഫ് ചെയ്തത്. കേന്ദ്രമന്ത്രി ജോതിരാദിത്യ സിന്ധ്യയും ചടങ്ങിൽ സന്നിഹിതനായിരുന്നു.
മനുഷ്യരുടെ ജീവൻ പോലെ മൃഗങ്ങളുടെ ജീവനും സംരക്ഷണം ഉറപ്പാക്കുന്നതിന്റെ പ്രാധാന്യം കണക്കിലെടുത്താണ് പദ്ധതിക്ക് തുടക്കമിട്ടതെന്ന് ഗ്വാളിയാർ മുൻസിപ്പൽ കോർപ്പറേഷൻ അധികൃതർ അറിയിച്ചു. പരിക്കേറ്റ മൃഗങ്ങളെ ആശുപത്രിയിലെത്തിക്കുന്നതിന് ഈ സേവനം സഹായകമാകും. വിവിധ രോഗങ്ങൾ പിടിപെട്ട് വലയുന്ന മൃഗങ്ങൾക്കും ഈ സംവിധാനം ഗുണകരമാകുമെന്ന് മുൻസിപ്പൽ കോർപ്പറേഷൻ അറിയിച്ചു.
ഇത്തരം വിവരങ്ങൾ പൊതുജനങ്ങൾക്കും അറിയിക്കാൻ സംവിധാനമേർപ്പെടുത്തിയിട്ടുണ്ട്. 07512438358 എന്ന ലാൻഡ് ലൈൻ നമ്പരും 964408123 എന്ന മൊബൈൽ നമ്പരുമാണ് വിവരങ്ങൾ അറിയിക്കാൻ ഏർപ്പെടുത്തിയിട്ടുളളത്. ഗ്വാളിയാറിലെ രാജ്മാതാ വിജയരാജെ സിന്ധ്യ കാർഷിക സർവ്വകലാശാലയിൽ നടക്കുന്ന വ്യാവസായിക കോൺക്ലേവ് ഉദ്ഘാടനം ചെയ്യാനായിട്ടാണ് മുഖ്യമന്ത്രി ജില്ലയിലെത്തിയത്. മധ്യപ്രദേശിലെ ഗ്ലോബൽ ഇൻവെസ്റ്റർ ഉച്ചകോടി 2025 ന് മുന്നോടിയായിട്ടാണ് കോൺക്ലേവ് സംഘടിപ്പിച്ചിട്ടുളളത്.















