എറണാകുളം: നടൻമാരായ മുകേഷും ജയസൂര്യയും ഉൾപ്പെടെ ഏഴ് പേർക്കെതിരെ ലൈംഗിക അതിക്രമ പരാതി നൽകിയ യുവതിയുടെ മൊഴിയെടുപ്പ് പൂർത്തിയായി. 10 മണിക്കൂറോളമാണ് മൊഴിയെടുപ്പ് നീണ്ടുനിന്നത്. മൊഴികൾ പരിശോധിച്ച് തുടർ നടപടികൾ സ്വീകരിക്കുമെന്ന് പൊലീസ് പറഞ്ഞു.
മൊഴികളുടെ അടിസ്ഥാനത്തിൽ 7 കേസുകൾ രജിസ്റ്റർ ചെയ്യും. 6 കേസുകൾ എറണാകുളത്തും ഒരു കേസ് തിരുവനന്തപുരത്തുമായിരിക്കും രജിസ്റ്റർ ചെയ്യുക. പ്രത്യേക അന്വേഷണ സംഘത്തിലെ വനിതാ ഐപിഎസ് ഉദ്യോഗസ്ഥരായ അജിതാ ബീഗം, പൂങ്കുഴലി എന്നിവർ ഉൾപ്പെടെയുള്ള ഉദ്യോഗസ്ഥരാണ് മൊഴിയെടുപ്പ് രേഖപ്പെടുത്തിയത്. രാവിലെ പത്തരയോടെയാണ് മൊഴിയെടുപ്പ് തുടങ്ങിയത്.
ഹേമ കമ്മിറ്റി റിപ്പോർട്ട് പുറത്തുവിട്ടതിന് പിന്നാലെ 7 പേർക്കെതിരെയാണ് വെളിപ്പെടുത്തലുമായി യുവതി രംഗത്തെത്തിയത്. മുകേഷ്, ജയസൂര്യ, മണിയൻപിള്ള രാജു, ഇടവേള ബാബു എന്നിവർക്കെതിരെയും രണ്ട് പ്രൊഡക്ഷൻ കൺട്രോളർമാർക്കും ഒരു നിർമാതാവിനുമെതിരെയാണ് യുവതി ലൈംഗികാതിക്രമ പരാതി നൽകിയത്.