അബൂദബി: ഇലക്ട്രിക്, ഹൈഡ്രജൻ ബസുകൾ അടുത്ത മാസം അബൂദബി നഗരത്തിൽ ഓടിത്തുടങ്ങും. ഹരിത പൊതുഗതാഗത ലക്ഷ്യത്തിന്റെ ഭാഗമായാണ് തലസ്ഥാന നഗരിയിൽ ഹൈഡ്രജൻ ബസുകൾ സർവിസ് നടത്തുകയെന്ന് സംയോജിത ഗതാഗത കേന്ദ്രത്തിലെ മുതിർന്ന ഉദ്യോഗസ്ഥൻ അറിയിച്ചു.
2030 ഓടെ അബൂദബിയിലെ പൊതുഗതാഗതത്തിന്റെ 20 ശതമാനവും ഹരിതവത്കരിക്കുന്നതിന്റെ ഭാഗമാണ് ഇലക്ട്രിക്, ഹൈഡ്രജൻ ഊർജത്തിൽ പ്രവർത്തിക്കുന്ന ബസുകൾ നിരത്തിലിറക്കുക. ഏതൊക്കെ റൂട്ടുകളിലാണ് ഇലക്ട്രിക്, ഹൈഡ്രജൻ ബസുകൾ ഓടുകയെന്ന് അധികൃതർ വെളിപ്പെടുത്തിയില്ല.
ഇലക്ട്രിക് ബസുകളുടെ ഉപയോഗത്തിലൂടെ പ്രതിദിനം 3.7 ടൺ കാർബൺ പുറന്തള്ളൽ ഇല്ലാതാക്കാനാകുമെന്നാണ് പ്രതീക്ഷിക്കുന്നത്. ഇലക്ട്രിക് ബസുകൾ എമിറേറ്റുകളെ ബന്ധിപ്പിച്ച് സർവിസ് നടത്തുമെന്നും 24 മണിക്കൂറും ഇവയുടെ സർവിസുണ്ടാകുമെന്നും സംയോജിത ഗതാഗത കേന്ദ്രത്തിലെ ആസൂത്രണ വിഭാഗം ഡയറക്ടർ അതീഖ് അൽ മസ്റൂയി പറഞ്ഞു. പ്രതിദിനം ഓരോ ബസുകളും 520 കിലോമീറ്റർ ദൂരം സർവിസ് നടത്തും.
അബുദാബിയിലെ ഗതാഗതം 2050ഓടെ നൂറുശതമാനവും പരിസ്ഥിതി സൗഹൃദമാക്കി മാറ്റുമെന്നും സംയോജിത ഗതാഗത കേന്ദ്രത്തിനു കീഴിൽ പ്രവർത്തിക്കുന്ന പൊതുഗതാഗതകാര്യ വകുപ്പിലെ ആൾട്ടർനേറ്റിവ് സസ്റ്റെയ്നബിൾ മൊബിലിറ്റി വിഭാഗം മേധാവി അനാൻ അലംരി പറഞ്ഞു. നിലവിലെ യാത്രാക്കൂലിയാണ് ഇതിനും ബാധകമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
ബസ് ഡിപ്പോകളിൽ ചാർജിങ് സ്റ്റേഷനുകൾ ഇതിനകം സ്ഥാപിച്ചിട്ടുണ്ട്. പരിസ്ഥിതി മലിനീകരണം കുറക്കുന്നതിന്റെ ഭാഗമായി കൊണ്ടുവരുന്ന ഹൈഡ്രജൻ ബസുകളിൽനിന്ന് നീരാവി മാത്രമാവും പുറന്തള്ളുക. ഹൈഡ്രജൻ, ഇലക്ട്രിക് ബസുകളുടെ പ്രവർത്തനത്തെക്കുറിച്ചും മറ്റും പഠിക്കാൻ ഇമാറാത്തി എൻജിനീയർമാരെ ചൈനയിലേക്കും ദക്ഷിണ കൊറിയയിലേക്കും നേരത്തേ അയച്ചിരുന്നുവെന്നും അനാൻ അലംരി വ്യക്തമാക്കി.