ഗാന്ധിനഗർ: ത്രിപുരയ്‌ക്ക് പിന്നാലെ പ്രളയജലത്തിൽ മുങ്ങി ഗുജറാത്ത്. തുടർച്ചയായി നാലാം ദിവസമാണ് മഴ കനക്കുന്നത്. മഴക്കെടുതിയിൽ ഇതുവരം മരണം 28 ആയി. 40,000-ത്തിലേറെ പേരെയാണ് ഒഴിപ്പിച്ചത്.
വഡോദര നഗരത്തിലാണ് പ്രളയം കൂടുതൽ രൂക്ഷം. ചില പ്രദേശങ്ങളിൽ 10 മുതൽ 12 അടി വരെ വെള്ളം കയറിയിട്ടുണ്ട്. വിശ്വാമിത്രി നദി കരകവിഞ്ഞൊഴുകിയതാണ് വഡോദര വെള്ളത്തിൽ മുങ്ങാൻ കാരണമായത്. കനത്ത മഴയെ തുടർന്നാണ് അജ്വ അണക്കെട്ടിൽ തുറന്നതാണ് നദിയിൽ വെള്ളം പൊങ്ങാൻ കാരണമായത്. വഡോദരയിൽ ഉൾപ്പടെ ഭയനാകമായ സാഹചര്യമാണുള്ളത്. രക്ഷാപ്രവർത്തനങ്ങൾക്കായി ഇന്ത്യൻ സൈന്യത്തിന്റെ സഹായം സർക്കാർ തേടിയുണ്ട്.
പലരും വീടുകളിൽ കുടുങ്ങി കിടക്കുകയാണ്. ഭക്ഷണവും മരുന്നും കഴിക്കാതെ പലരും വീടുകളിൽ അവശരായി തുടരുകയാണ്. വെള്ളം പൊങ്ങുന്നതും മഴ തുടരുന്നതും രക്ഷാപ്രവർത്തനത്തിന് വെല്ലുവിളി സൃഷ്ടിക്കുന്നതായി രക്ഷാപ്രവർത്തകർ പറഞ്ഞു. ബിജെപി പ്രാദേശിക നേതാക്കൾ ഉൾപ്പടെ രക്ഷാപ്രവർത്തനം നടത്തുന്നുണ്ട്. 38,000 ഭക്ഷണ പായ്‌ക്കറ്റുകൾ വിതരണം ചെയ്തെതെന്നും ഇന്ന് ഒരു ലക്ഷത്തിലധികം പായ്‌ക്കറ്റുകൾ വിത രണത്തിനെത്തിക്കുമെന്നും നേതൃത്വം അറിയിച്ചു.
സ്റ്റേറ്റ് എമർജൻസി ഓപ്പറേഷൻസ് സെന്ററിന്റെ കണക്കനുസരിച്ച് ഈ സീസണിൽ ലഭിക്കേണ്ട ശരാശരി മഴയുടെ 105 ശതമാനം മഴയാണ് ലഭിച്ചത്. ദേവകഭൂമി ദ്വാരക ജില്ലയിലെ ഖംഭാലിയ താലൂക്കിലാണ് 24 മണിക്കൂറിനിടെ ഏറ്റവും കൂടുതൽ മഴ ലഭിച്ചത്, 454 മില്ലിമീറ്റർ. ജലനിരപ്പ് ക്രമാതീതമായി ഉയരുന്നതിനാൽ സംസ്ഥാനത്തെ 206 അണക്കെട്ടുകളിൽ 112 എണ്ണത്തിനും അതീവ ജാഗ്രത നിർദ്ദേശം നൽകിയിട്ടുണ്ട്. പ്രധാനമന്ത്രി നരേന്ദ്ര മോദി മുഖ്യമന്ത്രി ഭൂപേന്ദ്ര പട്ടേലിനെ വിളിച്ച് സ്ഥിതിഗതികൾ വിലയിരുത്തി. പ്രകൃതിദുരന്തത്തെ നേരിടാൻ കേന്ദ്രത്തിന്റെ പിന്തുണയുണ്ടാകുമെന്ന ഉറപ്പും നൽകി.