കൊച്ചി: നടിയുടെ ലൈംഗിക പീഡന പരാതിയിൽ നടനും സിപിഎം എംഎൽഎയുമായ മുകേഷിനെതിരെ കേസെടുത്തു. ജാമ്യമില്ലാ വകുപ്പ് പ്രകാരം കൊച്ചി മരട് പൊലീസാണ് കേസെടുത്തത്. സിനിമയിൽ വാഗ്ദാനം ചെയ്ത് ഹോട്ടലിൽ വച്ച് പീഡിപ്പിച്ചെന്ന പരാതിയിലാണ് കേസ്.
ഐപിസി 376(1) ബലാത്സംഗം, 354- സ്ത്രീത്വത്തെ അപമാനിക്കണമെന്ന ഉദ്ദേശത്തോടെയുള്ള ബലപ്രയോഗം, 452- അതിക്രമിച്ച് കടക്കൽ, 509- സ്ത്രീത്വത്തെ അപമാനിക്കുന്ന അംഗവിക്ഷേപം, വാക്കുകൾ എന്നീ വകുപ്പുകളാണ് മുകേഷിനെതിരെ ചുമത്തിയത്.
ഇതിനിടെ മുകേഷ് എംഎൽഎ സ്ഥാനം രാജി വയ്‌ക്കണമെന്ന് പാർട്ടിക്കുള്ളിൽ തന്നെ അഭിപ്രായം ഉയരുകയാണ്. രാജി വെക്കണമെന്ന് സിപിഐ നേതാവ് ആനി രാജ പറഞ്ഞിരുന്നു. മുകേഷ് സ്വയം മാറി നിന്നില്ലെങ്കിൽ മാറ്റി നിർത്തി അന്വേഷിക്കണമെന്നും അവർ ആവശ്യപ്പെട്ടിരുന്നു.















