വിശാഖപട്ടണം: ഇന്ത്യയുടെ രണ്ടാമത്തെ രണ്ടാമത്തെ ആണവ ബാലിസ്റ്റിക് മിസൈൽ അന്തർവാഹിനി (എസ്എസ്ബിഎൻ) വിശാഖപട്ടണത്ത് നടക്കുന്ന പരിപാടിയിൽ പ്രതിരോധമന്ത്രി രാജ്‌നാഥ് സിംഗ് ഇന്ന് കമ്മീഷൻ ചെയ്യും. നാവികസേനാ മേധാവി അഡ്മിറൽ ദിനേശ് ത്രിപാഠി, ഇന്ത്യൻ സ്ട്രാറ്റജിക് കമാൻഡ് മേധാവി വൈസ് അഡ്മിറൽ സൂരജ് ബെറി, ഡിആർഡിഒയിലെ ഉന്നത ഉദ്യോഗസ്ഥർ എന്നിവർ ചടങ്ങിന്റെ ഭാഗമാകും.
ഇന്ത്യയുടെ സ്ട്രാറ്റജിക് കമാൻഡിന് കീഴിലായിരിക്കും ആണവ അന്തർവാഹിനിയുടെ പ്രവർത്തനം. ആണവ മിസൈലുകൾ ഉൾപ്പെടെ ഇതിനുള്ളിൽ സജ്ജീകരിച്ചിട്ടുണ്ട്. രാജ്യത്തിന്റെ പ്രതിരോധ മേഖലയ്‌ക്ക് കൂടുതൽ കരുത്ത് പകരുന്നതാണ് നീക്കം. 113 മീറ്റർ നീളമുള്ള അന്തർവാഹിയുടെ ഭാരം 6000 ടൺ ആണ്. വിശാഖപട്ടണത്തെ ഷിപ്പ് ബിൽഡിംഗ് സെന്ററിലാണ് ഇതിന്റെ നിർമ്മാണ പ്രവർത്തനങ്ങൾ പൂർത്തിയാക്കിയത്.
ഐഎൻഎസ് അരിഹന്തിന് ശേഷം കമ്മീഷൻ ചെയ്യുന്ന ഇന്ത്യയുടെ രണ്ടാമത്തെ അന്തർവാഹിനി കൂടിയാണ് ഇത്. ആണവായുധങ്ങൾ വഹിക്കാൻ ശേഷിയുള്ള ഇന്ത്യയുടെ മൂന്നാമത്തെ ആണവ അന്തർവാഹിനിയായ അരിധമൻ എന്ന എസ്-4 അടുത്ത വർഷം കമ്മീഷൻ ചെയ്യാനൊരുങ്ങുകയാണ്. എസ്എസ്എൻ പോലെ തന്നെ എസ്എസ്ബിഎഎന്നിനും മാസങ്ങളോളം വെള്ളത്തിനടിയിൽ തുടരാൻ സാധിക്കും. അത്യാധുനിക സ്റ്റെൽത്ത് സാങ്കേതികവിദ്യയും ഡ്രോണുകളും ഇതിനുള്ളിലുണ്ടാകും.
980 മുതൽ 1400 അടി വരെ ആഴത്തിലേക്ക് പോകാൻ ഇതിന് സാധിക്കും. തദ്ദേശീയമായി വികസിപ്പിച്ച സാങ്കേതികവിദ്യകളാണ് ആണവ അന്തർവാഹിനിയുടെ നിർമ്മാണത്തിലും പ്രയോജനപ്പെടുത്തിയത്