തിരുവനന്തപുരം: കൊച്ചിയിലെ നടിയുടെ പരാതിയിൽ മുകേഷിനെതിരെ ബലാത്സംഗക്കേസ് എടുത്ത സാഹചര്യത്തിൽ മുഖ്യമന്ത്രി പിണറായി വിജയന് വിശദീകരണം നൽകി ആരോപണവിധേയനായ മുകേഷ് എംഎൽഎ. നടിയുടെ ആരോപണം ശരിയല്ലെന്നും നടി തന്നെ ബ്ലാക്ക്മെയിൽ ചെയ്യുന്നതിന്റെ സന്ദേശങ്ങൾ കൈവശമുണ്ടെന്നും മുകേഷ് അറിയിച്ചു. ഇന്നലെയായിരുന്നു മുഖ്യമന്ത്രിക്ക് മുകേഷ് വിശദീകരണം നൽകിയത്.
ബലാത്സംഗത്തിനും സ്ത്രീത്വത്തെ അപമാനിച്ചതിനുമാണ് മുകേഷിനെതിരെ കേസെടുത്തത്. നടപടി സ്വീകരിച്ചതിന് സർക്കാരിന് നന്ദിയുണ്ടെന്ന് പരാതിക്കാരി പ്രതികരിച്ചു. സിനിമയിൽ അവസരം വാഗ്ദാനം ചെയ്ത് ഹോട്ടലിൽ എത്തിച്ച് ലൈംഗികമായി പീഡിപ്പിച്ചുവെന്നാണ് പരാതിക്കാരിയുടെ മൊഴി. എന്നാൽ പരാതിക്കാരി തന്നെ ബ്ലാക്ക്മെയിൽ ചെയ്തതാണെന്നും ഇതിന്റെ തെളിവുകൾ കൈവശമുണ്ടെന്നും മുകേഷ് പറയുന്നു.
മുകേഷിന്റെ രാജിയാവശ്യം ശക്തമായി തുടരുകയാണ്. എന്നാൽ മുകേഷ് രാജി വയ്‌ക്കേണ്ടതില്ലെന്ന നിലപാടിലാണ് സിപിഎം നേതൃത്വം. മുകേഷിന്റെ വിഷയം ചർച്ച ചെയ്യാൻ അടിയന്തര എക്സിക്യൂട്ടീവ് യോഗം ചേരാൻ ഒരുങ്ങുകയാണ് സിപിഐ. നിയമ വിദഗ്ധരുടെ നിർദേശത്തിന് അനുസരിച്ച് മാദ്ധ്യമങ്ങളോട് പ്രതികരിക്കാനാണ് മുകേഷിന്റെ തീരുമാനം.
മുകേഷിനെതിരെ ജാമ്യമില്ലാ വകുപ്പ് പ്രകാരമാണ് കേസെടുത്തിരിക്കുന്നത്. നടിയുടെ രഹസ്യമൊഴിയെടുക്കാനുള്ള (164 മൊഴി) നീക്കത്തിലാണ് പ്രത്യേക അന്വേഷണ സംഘം. മുകേഷിനെതിരെ പരാതി നൽകിയ നടി തന്നെയാണ് ഇടവേള ബാബു, ജയസൂര്യ, മണിയൻപിള്ള രാജു എന്നിവർക്കെതിരെയും ലൈംഗികാതിക്രമ പരാതി നൽകിയിരിക്കുന്നത്. മുകേഷിനെ ഭീഷണിപ്പെടുത്തിയെന്ന വാദത്തിന് തെളിവുണ്ടെങ്കിൽ ആ തെളിവുകൾ പുറത്തുവിടട്ടെയെന്നാണ് പരാതിക്കാരിയുടെ പ്രതികരണം.















