എറണാകുളം: എംഎൽഎ മുകേഷിനെ വെല്ലുവിളിച്ച് പരാതിക്കാരി. താൻ ബ്ലാക്ക്മെയിൽ ചെയ്തുവെന്ന് മുകേഷ് ആരോപിക്കുന്ന തെളിവുകൾ നട്ടെല്ലുണ്ടെങ്കിൽ പുറത്തുവിടണമെന്ന് പരാതിക്കാരി പറഞ്ഞു.
“ഇരകളായ എല്ലാവർക്കും നീതി കിട്ടുമെന്നാണ് വിശ്വസിക്കുന്നത്. സിനിമാ മേഖലയിൽ ഇത്തരത്തിലുള്ള പ്രശ്നങ്ങൾ ഉണ്ടാകുമെന്ന് പലർക്കും അറിയില്ലായിരുന്നു. സർക്കാർ ഉൾപ്പെടെ സെലിബ്രിറ്റികൾക്ക് ബഹുമാനവും സ്ഥാനങ്ങളും കൊടുത്തു. ഒരു സ്ത്രീയുടെ ശരീരത്തിൽ അനുവാദമില്ലാതെ തൊട്ടാൽ അത് നിയമപരമായി കുറ്റം തന്നെയാണ്. സ്ത്രീകളെ പോലെ തന്നെയാണ് പരാതിക്കാരായ ആണുങ്ങൾക്കും നീതി ലഭിക്കും”.
“മുഖംമൂടി അണിഞ്ഞ വ്യക്തിയെയല്ല, സമൂഹത്തിന് വേണ്ടത്. സത്യസന്ധനായ ഭരണകർത്താക്കളെയാണ് സമൂഹത്തിന് ആവശ്യം. മോശക്കാരിയാക്കി എന്നെ തളർത്തുകയാണ് അവർ ചെയ്യുന്നത്. ഈ നിമിഷം വരെ ഫോണിലൂടെ പോലും ഞാൻ മുകേഷിനോട് സംസാരിച്ചിട്ടില്ല. നട്ടെല്ലുള്ള എംഎൽഎ ആണെങ്കിൽ തെളിവുകൾ പുറത്തുവിടട്ടെ. എതിർകക്ഷികളെ തളർത്താനുള്ള വെറും നാടകം മാത്രമാണിത്”- പരാതിക്കാരി പറഞ്ഞു.