തിരുവനന്തപുരം: ലൈംഗികാതിക്രമ കേസിൽ നടൻ സിദ്ദിഖിനെതിരെ നിർണായക തെളിവുകൾ ലഭിച്ചതായി അന്വേഷണ സംഘം. സിദ്ദിഖും യുവനടിയും ഒരേ ഹോട്ടലിൽ ഉണ്ടായിരുന്നതിന് തെളിവ് ലഭിച്ചു. ഇക്കാര്യം സ്ഥിരീകരിച്ചിരിക്കുകയാണ് പ്രത്യേക അന്വേഷണസംഘം.
തിരുവനന്തപുരം മസ്കറ്റ് ഹോട്ടലിലെ രജിസ്റ്ററിൽ ഇരുവരുടെയും പേരുകൾ ഉണ്ട്. സിദ്ദിഖിനെ കാണാൻ നടി ഹോട്ടലിൽ വന്നു, റിസപ്ഷനിലെ രജിസ്റ്ററിൽ പേരെഴുതി ഒപ്പുവെച്ചാണ് നടി മുറിയിലെത്തിയത്. ഒന്നാം നിലയിലെ മുറിയിലാണ് സിദ്ദിഖുണ്ടായിരുന്നത്. ഈ മുറിയിൽ വച്ചാണ് പീഡിപ്പിക്കപ്പെട്ടതെന്ന് നടി മൊഴി നൽകി. സിദ്ദിഖ് ആവശ്യപ്പെട്ട പ്രകാരമാണ് മുറിയിലെത്തിയത് എന്നും നടിയുടെ മൊഴിയുണ്ട്. 2016ലായിരുന്നു കേസിനാസ്പദമായ സംഭവം.
സിനിമയുടെ പ്രിവ്യൂ ഷോ കഴിഞ്ഞ ശേഷമാണ് നടി ഹോട്ടലിൽ എത്തിയതെന്ന് മൊഴി നൽകിയിരിക്കുന്നതിനാൽ തിയേറ്ററിൽ നിന്നുള്ള വിവരങ്ങളും പൊലീസ് ശേഖരിക്കും. സിനിമാ ചർച്ചയ്‌ക്ക് വേണ്ടിയെന്ന് പറഞ്ഞാണ് സിദ്ദിഖ് മുറിയിലേക്ക് വിളിപ്പിച്ചതെന്ന് യുവനടി നൽകിയ പരാതിയിൽ പറയുന്നു. ചർച്ചയ്‌ക്കായി ഹോട്ടൽ റൂമിൽ എത്തിയപ്പോഴായിരുന്നു സിദ്ദിഖ് തന്നെ ക്രൂരമായി പീഡിപ്പിച്ചതെന്നും നടിയുടെ മൊഴിയുണ്ട്.
പീഡിപ്പിക്കപ്പെട്ട വിവരം താൻ മാതാപിതാക്കളോട് പറഞ്ഞിരുന്നെന്നും നടി അറിയിച്ചു. ഈ സാഹചര്യത്തിൽ നടിയുടെ രക്ഷിതാക്കളുടെ മൊഴിയും അന്വേഷണ സംഘം രേഖപ്പെടുത്തുമെന്നാണ് അറിയിച്ചിട്ടുള്ളത്.
തിരുവനന്തപുരം നിള തിയേറ്ററിലെ പ്രിവ്യൂ ഷോയ്‌ക്ക് ശേഷമായിരുന്നു നടൻ സിദ്ദിഖ് ലൈംഗികമായി പീഡിപ്പിച്ചതെന്നാണ് ആരോപണം. പ്രിവ്യൂ ഷോയിൽ നടിയും സിദ്ദിഖും ഒപ്പം ഉണ്ടായിരുന്നുവെന്നും പൊലീസ് കണ്ടെത്തിയിട്ടുണ്ട്. ഇന്ന് ഉച്ചയ്‌ക്ക് ശേഷം പരാതിക്കാരിയുടെ രഹസ്യമൊഴി (164 മൊഴി) രേഖപ്പെടുത്താനാണ് അന്വേഷണ സംഘത്തിന്റെ നീക്കം.















