കൊച്ചി : സംവിധായകൻ രഞ്ജിത്ത് പകർത്തിയ തന്റെ നഗ്നചിത്രങ്ങൾ അയച്ചത് ഡബ്യൂ സിസി സ്ഥാപക അംഗത്തിനാണെന്ന ഗുരുതര ആരോപണവുമായി യുവാവ് . 2012–ൽ ബെംഗളൂരുവിൽ വച്ച് രഞ്ജിത്ത് പീഡനത്തിന് ഇരയാക്കിയെന്ന് പറഞ്ഞ യുവാവാണ് മുതിർന്ന നടിയ്‌ക്കെതിരെ ആരോപണം ഉന്നയിച്ചിരിക്കുന്നത് . രഞ്ജിത്ത് തന്നെ വിവസ്ത്രനാക്കിയതിന് ശേഷം തന്റെ ചിത്രങ്ങൾ എടുത്ത് മുതിർന്ന നടിയ്‌ക്ക് അയച്ചു എന്നാണ് ആരോപണം .
താൻ റൂമിൽ എത്തിയപ്പോൾ രഞ്ജിത്ത് ഒരു നടിയുമായി സംസാരിച്ചു കൊണ്ടിരിക്കുകയായിരുന്നു എന്നും തന്റെ ഫോട്ടോ എടുത്തിട്ട് ആർക്കാണ് അയക്കുന്നത് എന്ന് ചോദിച്ചപ്പോൾ ഈ നടിയ്‌ക്കാണെന്നും , അവർക്ക് രേവതിക്ക് നിന്നെ ഇഷ്ടമായി എന്ന് പറഞ്ഞെന്നും യുവാവ് പറയുന്നു. രഞ്ജിത്ത് മദ്യം കുടിപ്പിച്ച് തന്നെ പീഡനത്തിന് ഇരയാക്കിയെന്നു കാണിച്ച് യുവാവ് ഡിജിപിക്ക് പരാതി നൽകിയിട്ടുണ്ട്.
നടിയും, രഞ്ജിത്തുമായ് ബന്ധമുണ്ടോയെന്ന് തനിക്കറിയില്ലെന്നും യുവാവ് പറയുന്നു. അതേസമയം ഹേമക്കമ്മിറ്റി റിപ്പോർട്ട് പുറത്ത് വന്നതിന് പിന്നാലെയുണ്ടായ യുവാവിന്റെ വെളിപ്പെടുത്തലിൽ സിനിമയിലെ വനിതാ സംഘടനയും കുടുങ്ങിയിരിക്കുകയാണ് . റിപ്പോർട്ട് പുറത്ത് വന്നത് തന്നെ തങ്ങളുടെ കഴിവായി കാട്ടിയിരുന്ന സംഘടനയുടെ സ്ഥാപക അംഗമാണ് ഇപ്പോൾ ആരോപണനിഴലിൽ ഉള്ളത്.
അമ്മയിലെ ചില അംഗങ്ങൾക്കെതിരെ പരാതികൾ ഉയർന്നപ്പോൾ തന്നെ മുതിർന്ന താരങ്ങളടക്കം രാജി വച്ചിരുന്നു . എന്നാൽ ഇപ്പോൾ ഡബ്യൂസിസി അംഗത്തിനെതിരെ ഗുരുതര ആരോപണമുയർന്നിട്ടും , സംഘടനയിലെ ആരും പ്രതികരിക്കാൻ പോലും തയ്യാറായിട്ടില്ല . സംഘടന മുതിർന്ന നടിയുടെ രാജി ആവശ്യപ്പെടുമോയെന്നും , കൂടുതൽ നടപടിയ്‌ക്ക് ഒരുങ്ങുമോയെന്നുമാണ് ഇനി അറിയേണ്ടത് .