ന്യൂഡൽഹി: തന്നെ അയോഗ്യയാക്കാൻ യുപിഎസ്‌സിക്ക് അധികാരമില്ലെന്ന വാദവുമായി ഡൽഹി ഹൈക്കോടതിയെ സമീപിച്ച് മുൻ ഐഎഎസ് പ്രൊബേഷണർ പൂജ ഖേദ്കർ. വ്യാജ രേഖകൾ സമർപ്പിച്ചാണ് ജോലി നേടിയതെന്ന് കണ്ടെത്തിയതിന് പിന്നാലെ പൂജയെ യുപിഎസ്‌സി പുറത്താക്കുകയും പരീക്ഷകളിൽ നിന്ന് വിലക്കുകയും ചെയ്തിരുന്നു. സംവരണ ആനുകൂല്യങ്ങൾ ലഭിക്കുന്നതിനായി 2022ൽ നടന്ന സിവിൽ സർവീസ് പരീക്ഷയിലെ വിവരങ്ങൾ അവർ തെറ്റായി നൽകിയെന്ന് കമ്മീഷൻ കണ്ടെത്തിയിരുന്നു.
എന്നാൽ പ്രൊബേഷണറി ഓഫീസറായി തെരഞ്ഞെടുക്കപ്പെട്ട് നിയമനം ലഭിച്ച് ലഭിച്ച് കഴിഞ്ഞാൽ അത് റദ്ദാക്കാനുള്ള അധികാരം യുപിഎസ്‌സിക്ക് ഇല്ലെന്ന് ഡൽഹി ഹൈക്കോടതിയെ അറിയിച്ചത്. വ്യാജ രേഖ സമർപ്പിച്ചതുമായി ബന്ധപ്പെട്ട ഹൈക്കോടതിയിൽ രജിസ്റ്റർ ചെയ്ത കേസിന് മറുപടിയായിട്ടാണ് പൂജ ഇക്കാര്യം അറിയിച്ചത്. പദവി ലഭിച്ച് കഴിഞ്ഞതിനാൽ തനിക്കെതിരെ നടപടിയെടുക്കാൻ കേന്ദ്രസർക്കാരിന്റെ പേഴ്സണൽ ആന്റ് ട്രെയിനിംഗ് ഡിപ്പാർട്ട്മെന്റിന് മാത്രമാണ് അധികാരമെന്നും ഇവർ അവകാശപ്പെടുന്നു.
സ്വന്തം പേരിലും മാതാപിതാക്കളുടെ പേരിലും മാറ്റം വരുത്തി ആറ് തവണയിലധികം ഇവർ പരീക്ഷ എഴുതിയതായും അന്വേഷണത്തിൽ കണ്ടെത്തിയിരുന്നു. എന്നാൽ 2012 മുതൽ 2022 വരെ തന്റെയോ തന്റെ കുടുംബപ്പേരിലോ മാറ്റങ്ങൾ വരുത്തിയിട്ടില്ലെന്നും, തെറ്റായ യാതൊരു വിവരവും പരീക്ഷ എഴുതാൻ നൽകിയിട്ടില്ലെന്നും പറഞ്ഞു. പഠന സർട്ടിഫിക്കറ്റ്, ആധാർ കാർഡ്, ജനനത്തീയതി, മറ്റ് വ്യക്തിഗത വിവരങ്ങൾ എന്നിവ ശരിയാണെന്ന് അന്വേഷണത്തിൽ കണ്ടെത്തിയിട്ടുണ്ടെന്നും പൂജ ഖേദ്കർ വ്യക്തമാക്കി.
എന്നാൽ പൂജ ഖേദ്കർ യുപിഎസ്‌സി കമ്മീഷനെ മാത്രമല്ല പൊതുജനങ്ങളേയും വഞ്ചിച്ചതായി, ജാമ്യഹർജിയെ എതിർത്ത് കൊണ്ട് കമ്മീഷൻ ഹൈക്കോടതിയെ അറിയിച്ചു. മറ്റ് വ്യക്തികളുടെ സഹായത്തോടെ മാത്രമേ ഇത്തരം കുറ്റകൃത്യം ചെയ്യാൻ സാധിക്കുകയുള്ളു എന്നും വിശദമായ ചോദ്യം ചെയ്യലിനായി ഇവരെ കസ്റ്റഡിയിൽ ലഭിക്കേണ്ടതുണ്ടെന്നും ജാമ്യഹർജിയെ എതിർത്ത് കമ്മീഷൻ പറഞ്ഞു. സെപ്തംബര്‍ അഞ്ചാം തിയതി വരെ പൂജയെ അറസ്റ്റ് ചെയ്യരുതെന്ന് കോടതി നിർദേശിച്ചിട്ടുണ്ട്. അഞ്ചാം തിയതി വിശദമായ വാദം കേട്ടതിന് ശേഷമായിരിക്കും തുടർ നടപടികൾ സ്വീകരിക്കുന്നത്.















