എറണാകുളം: ലൈംഗികാതിക്രമ കേസിൽ നടനും എംഎൽഎയുമായ മുകേഷിന് താത്കാലിക ആശ്വാസം. മുകേഷിന്റെ അറസ്റ്റ് അടുത്ത മാസം മൂന്ന് വരെ എറണാകുളം ജില്ലാ സെഷൻസ് കോടതി തടഞ്ഞു. കേസിൽ മുൻകൂർ ജാമ്യാപേക്ഷ മുകേഷ് നൽകിയിരുന്നു. ഹർജി പരിഗണിച്ച കോടതി അറസ്റ്റ് മൂന്നാം തീയതി വരെ തടയുകയായിരുന്നു. മുൻകൂർ ജാമ്യാപേക്ഷയിൽ വിശദവാദം മൂന്നാം തീയതി കോടതി കേൾക്കും.
അഡ്വ. ജിയോ പോൾ മുഖേനയാണ് ജില്ലാ സെഷൻസ് കോടതിയിൽ മുകേഷ് ഉച്ചയോടെ മുൻകൂർ ജാമ്യാപേക്ഷ സമർപ്പിച്ചത്. താൻ ഒരു എംഎൽഎയാണെന്നും പരാതിക്കാരി തന്നെ ബ്ലാക്ക്‌മെയിൽ ചെയ്യാൻ ശ്രമിച്ചെന്നും ചൂണ്ടിക്കാട്ടിയാണ് അദ്ദേഹം ഹർജി സമർപ്പിച്ചത്.
പരാതിക്കാരിയുടെ മൊഴിയുടെ അടിസ്ഥാനത്തിൽ മാത്രമാണ് തന്നെ പ്രതി ചേർക്കാൻ ശ്രമിക്കുന്നതെന്നും കേസിൽ തനിക്ക് മുൻകൂർ ജാമ്യം വേണമെന്നും മുകേഷ് ആവശ്യപ്പെട്ടു. ഇത് പരിഗണിച്ച കോടതി അറസ്റ്റ് താത്കാലികമായി തടയുകയായിരുന്നു.
ഹേമ കമ്മിറ്റി റിപ്പോർട്ട് പുറത്തു വന്നതിന് പിന്നാലെയാണ് മുകേഷിനെതിരെ ലൈംഗികാരോപണങ്ങൾ ഉയർന്നു വന്നത്. ബലാത്സംഗം, സ്ത്രീത്വത്തെ അപമാനിക്കണമെന്ന ഉദ്ദേശത്തോടെയുള്ള ബലപ്രയോഗം, അതിക്രമിച്ച് കടക്കൽ, സ്ത്രീത്വത്തെ അപമാനിക്കുന്ന അംഗവിക്ഷേപം തുടങ്ങിയ കുറ്റങ്ങൾക്കാണ് മുകേഷിനെതിരെ കേസ്. അറസ്റ്റിലേക്ക് നീങ്ങുന്ന നടപടിയുണ്ടായിട്ടും മുകേഷ് എംഎൽഎ പദവി രാജിവക്കേണ്ടതില്ലെന്ന നിലപാടിലാണ് സിപിഎം. അതേസമയം മുകേഷിന്റെ രാജി ആവശ്യപ്പെട്ട് സംസ്ഥാനത്ത് വിവിധയിടങ്ങളിൽ പ്രതിഷേധം ശക്തമാകുകയാണ്. ഇതിനിടയിലാണ് മുൻകൂർ ജാമ്യത്തിനായി നീക്കം നടത്തിയത്.