ചെന്നൈ: മലയാള സിനിമാ മേഖലയിലെ സ്ത്രീകൾ നേരിടുന്ന പ്രശ്നങ്ങൾ പുറത്തുകൊണ്ടുവന്ന ഹേമ കമ്മിറ്റി റിപ്പോർട്ടിന് സമാനമായി തമിഴ് സിനിമാ മേഖലയിലും ഒരു കമ്മിറ്റി രൂപീകരിക്കണമെന്ന് നടൻ വിശാൽ. തമിഴകത്തും സ്ത്രീകൾ സുരക്ഷിതരല്ലെന്നും 80 ശതമാനം സ്ത്രീകളും ചതിക്കുഴിയിൽ വീഴുന്നുണ്ടെന്നും വിശാൽ പറഞ്ഞു. കേരളത്തിൽ കോളിളക്കം സൃഷ്ടിച്ച ഹേമ കമ്മിറ്റി റിപ്പോർട്ടിനെ കുറിച്ച് സംസാരിക്കുകയായിരുന്നു താരം. തമിഴ് സിനിമാ സംഘടനയായ നടികർ സംഘത്തിന്റെ സെക്രട്ടറിയാണ് വിശാൽ.
“തമിഴ് സിനിമയിലെ ചില നടിമാർക്ക് സുരക്ഷാ പ്രശ്നങ്ങളുണ്ട്. അത് പരിഹരിക്കാൻ അവർക്ക് ബൗൺസർമാരെ വയ്‌ക്കേണ്ട അവസ്ഥയാണ്. 20 ശതമാനം നടിമാർക്ക് മാത്രമേ സിനിമയിൽ നേരിട്ട് അവസരങ്ങൾ ലഭിക്കുന്നുള്ളൂ. മലയാള സിനിമാ മേഖലയെ കുറിച്ച് ഹേമ കമ്മിറ്റി അന്വേഷണം നടത്തിയത് പോലെ തമിഴ് സിനിമാ മേഖലയിലും അന്വേഷണം നടത്തും. അത് തമിഴ് സിനിമാ സംഘടനയായ നടികർ സംഘത്തിനകത്ത് ആയിരിക്കും നടക്കുക. അതിനുള്ള നടപടികൾ സംഘടന ആലോചിക്കും”.
എന്തെങ്കിലും പരാതികൾ ഉള്ള താരങ്ങൾ സംഘടനയെ ബന്ധപ്പെട്ടാൽ ആരോപണ വിധേയർക്കെതിരെ ശക്തമായ നടപടി സ്വീകരിക്കും. അഡ്ജസ്റ്റ്മെന്റ് വേണമെന്ന് ചോദിക്കുന്ന ആളുകളെ ആ നിമിഷം തന്നെ ചെരുപ്പൂരി അടിക്കണം. ഇത്തരത്തിൽ മറുപടി കൊടുത്താൽ മാത്രമേ ഇങ്ങനെയുള്ളവരെ നിയന്ത്രിക്കാൻ സാധിക്കുകയുള്ളൂ. തെറ്റ് ചെയ്തവർ ശിക്ഷിക്കപ്പെടണം. ദുരനുഭവങ്ങൾ നേരിട്ടവർ ധൈര്യത്തോടെ മുന്നോട്ട് വന്ന് പറയണമെന്നും വിശാൽ പറഞ്ഞു.