എറണാകുളം: സംസ്ഥാന സർക്കാരിന് താക്കീതുമായി ഹൈക്കോടതി. കെഎസ്ആർടിസി ജീവനക്കാർക്ക് പെൻഷൻ മുടങ്ങിയതിനെ തുടർന്നുണ്ടായ ആത്മഹത്യകളിൽ സർക്കാരിന് ദുഃഖം തോന്നുന്നില്ലേയെന്ന് ഹൈക്കോടതി ചോദിച്ചു. ഇത്തരം സംഭവങ്ങൾ അതീവ ദുഃഖകരമാണെന്നും പെൻഷന്റെ പേരിൽ ഇനിയൊരു ആത്മഹത്യ ഉണ്ടാകരുതെന്നും സർക്കാരിന് കോടതി താക്കീത് നൽകി.
കാട്ടാക്കടയിലെ വിരമിച്ച കെഎസ്ആർടിസി ജീവനക്കാരൻ ആത്മഹത്യ ചെയ്ത സംഭവത്തിലാണ് കോടതിയുടെ ഇടപെടൽ. പെൻഷൻ കിട്ടാത്തതിന്റെ പേരിൽ നാല് ആത്മഹത്യകൾ ശ്രദ്ധയിൽപ്പെട്ടിട്ടുണ്ട്. ഓണമാണ് വരുന്നതെന്നും ഓഗസ്റ്റ് മാസത്തിലെ പെൻഷൻ ഉടനടി നൽകണമെന്നും സെപ്തംബറിലെ പെൻഷൻ വൈകിപ്പിക്കരുതെന്നും ഹൈക്കോടതി നിർദേശം നൽകി.
എന്നാൽ പെൻഷൻ മുടങ്ങിയതാണ് കെഎസ്ആർടിസി ജീവനക്കാരന്റെ ആത്മഹത്യയ്‌ക്ക് കാരണമെന്ന് സ്ഥിരീകരിച്ചിട്ടില്ലെന്നാണ് സർക്കാരിന്റെ വാദം. ജൂലൈയിലെ പെൻഷൻ നൽകിയിട്ടുണ്ടെന്നും ഓഗസ്റ്റിലെ പെൻഷൻ ഒരാഴ്ചയ്‌ക്കുള്ളിൽ നൽകുമെന്നും സർക്കാർ അറിയിച്ചു.
കഴിഞ്ഞ 20നാണ് റിട്ട.കെഎസ്ആർടിസി ജീവനക്കാരനായ കാട്ടാക്കട ചെമ്പനക്കോട് സ്വദേശി എം സുരേഷ് (65) ആത്മഹത്യ ചെയ്തത്. പെൻഷൻ മുടങ്ങിയതാണ് ആത്മഹത്യയ്‌ക്ക് പിന്നിലെന്ന് കുടുംബം ആരോപിച്ചിരുന്നു. പാപ്പനംകോട് ഡിപ്പോയിൽ നിന്ന് വിരമിച്ച ജീവനക്കാരനാണ് സുരേഷ്.