പാലക്കാട്: മേയാൻ വിട്ട പശുവിനെ അയൽവാസി കുത്തി പരിക്കേൽപ്പിച്ചതായി പരാതി. പാലക്കാട് പുതുനഗരത്താണ് സംഭവം. പുതുനഗരം സ്വദേശിയായ സതീഷിന്റെ പശുവിനെയാണ് കത്തി കൊണ്ട് കുത്തി പരിക്കേൽപ്പിച്ചത്. പശുവിന്റെ കഴുത്തിലാണ് പരിക്കേറ്റത്. പ്രദേശവാസിയാണ് തന്റെ പശുവിനെ കുത്തിയതെന്നാണ് സതീഷ് പറയുന്നത്.
പ്രദേശവാസിയുടെ പറമ്പിൽ കയറിയ പശു അവിടെ നട്ടുപിടിപ്പിച്ച പയർ തിന്നിരുന്നു. ഇതിന്റെ ദേഷ്യത്തിലാണ് പശുവിനെ കുത്തി പരിക്കേൽപ്പിച്ചതെന്ന് സതീഷ് പറഞ്ഞു. പരിക്കേറ്റ പശുവിനെ വെറ്ററിനറി ഡോക്ടർ എത്തി പരിശോധിക്കുകയും വേണ്ട ചികിത്സ നൽകുകയും ചെയ്തു. സംഭവത്തിൽ സതീഷ് പുതുനഗരം പൊലീസിൽ പരാതി നൽകിയിട്ടുണ്ട്.