ഛത്തീസ്ഗഡ്: നാരായൺപൂരിൽ മൂന്ന് വനിതാ മാവോയിസ്റ്റുകളെ വകവരുത്തി അതിർത്തി സുരക്ഷാ സേന. അബുജ്മദിലെ ഉൾവനത്തിൽ വച്ചുണ്ടായ ഏറ്റുമുട്ടലിൽ മൂന്ന് മാവോയിസ്റ്റുകൾ കൊല്ലപ്പെട്ടതായി അധികൃതർ അറിയിച്ചു. ഇവരുടെ പക്കൽ നിന്നും വൻ ആയുധശേഖരവും പിടിച്ചെടുത്തു.
അതിർത്തി സുരക്ഷാ സേന, സ്‌പെഷ്യൽ ടാസ്‌ക് ഫോഴ്‌സ്, ഡിസ്ട്രിക്ട് റിസർവ് ഗാർഡ് തുടങ്ങിയവരുടെ നേതൃത്വത്തിൽ സംയുക്തമായി നടത്തിയ അന്വേഷണത്തിലാണ് മാവോയിസ്റ്റുകളുടെ ഒളിത്താവളം കണ്ടെത്തിയത്. ഉദ്യോഗസ്ഥരുടെ സാന്നിധ്യം തിരിച്ചറിഞ്ഞ മാവോയിസ്റ്റുകൾ ഇവർക്ക് നേരെ വെടിയുതിർക്കുകയായിരുന്നു. തുടർന്നുണ്ടായ ഏറ്റുമുട്ടലിലാണ് മൂന്ന് വനിതാ മാവോയിസ്റ്റുകൾ കൊല്ലപ്പെട്ടത്.
രാവിലെ 8 മണിയോടെ ആരംഭിച്ച ഏറ്റുമുട്ടൽ തുടരുകയാണെന്ന് ഐജി സുന്ദർരാജ് അറിയിച്ചു. ഉദ്യോഗസ്ഥരെല്ലാവരും സുരക്ഷിതരാണെന്നും മാവോയിസ്റ്റുകൾക്കായുള്ള തെരച്ചിൽ തുടരുകയാണെന്നും അദ്ദേഹം വ്യക്തമാക്കി.