തിരുവനന്തപുരം: ഗുരുതരമായ ലൈംഗിക പീഡന ആരോപണങ്ങൾ ഉയർന്ന സാഹചര്യത്തിൽ കൊല്ലം എംഎൽഎയും സിപിഎം നേതാവുമായ എം മുകേഷിന്റെ രാജി ആവശ്യത്തിൽ മലക്കം മറിഞ്ഞ് സിപിഎം വനിതാ നേതാക്കൾ. നേരത്തെ പല ഘട്ടങ്ങളിലും മറ്റ് പലർക്കുമെതിരെ ഉയർന്ന സമാനമായ ആരോപണങ്ങളിൽ ആഞ്ഞടിച്ചിരുന്ന സിപിഎമ്മിന്റെ മുതിർന്ന വനിതാ നേതാക്കൾ ഇക്കാര്യത്തിൽ പക്ഷെ മലക്കം മറിയുകയാണ്.
മുകേഷിനെതിരെ ഉയരുന്ന പ്രതിഷേധത്തിന്റെ തീവ്രത മനസിലാക്കാതെയും ധാർമ്മികതയുടെ അളവുകോലിൽ വെളളം ചേർത്തുമാണ് സിപിഎം നേതാക്കളുടെ പ്രതികരണങ്ങളെന്ന വിമർശനം സമൂഹമാദ്ധ്യമങ്ങളിൽ ഉയർന്നുകഴിഞ്ഞു. കുറെ ആളുകളെ സന്തോഷിപ്പിക്കാൻ വേണ്ടി രാജിവക്കാൻ ആവശ്യപ്പെടുകയല്ല വേണ്ടത്. ഇത് വിൻസെന്റിന്റെയോ എൽദോസിന്റെയോ പ്രശ്‌നം പോലെയല്ല സർക്കാരാണ് മുൻകൈയ്യെടുത്തതെന്ന് ആയിരുന്നു ജനാധിപത്യ മഹിളാ അസോസിയേഷൻ അഖിലേന്ത്യാ അദ്ധ്യക്ഷ കൂടിയായ പികെ ശ്രീമതിയുടെ പ്രതികരണം. ഒരു സ്വകാര്യ വാർത്താചാനലിന് നൽകിയ ടെലിഫോൺ പ്രതികരണത്തിലാണ് പി.കെ ശ്രീമതി ഇക്കാര്യം പറഞ്ഞത്.
രണ്ട് ദിവസം മുൻപ് വരെ ഹേമ കമ്മിറ്റി റിപ്പോർട്ടിൽ നടപടി വേണമെന്ന് സമൂഹമാദ്ധ്യമങ്ങളിലൂടെ ഘോരഘോരം വാദിച്ച നേതാവാണ് പി.കെ ശ്രീമതി. എന്നാൽ മുകേഷിനെതിരെ ഒന്നിനു പിറകേ ഒന്നായി ഗൗരവമേറിയ ആരോപണങ്ങൾ പുറത്തുവന്നതോടെ നിലപാട് മാറി. സിപിഎം എംഎൽഎ മുകേഷിനും സിപിഎം സഹയാത്രികനായ സംവിധായകൻ രഞ്ജിത്തിനുമെതിരെയാണ് നിലവിലെ വെളിപ്പെടുത്തലുകളിൽ ഏറ്റവും ഗുരുതരമായ ആരോപണങ്ങൾ ഉളളത്.
സൈ്വര്യവും സമാധാനവും സുരക്ഷിതത്വവും ഏവരുടേയും മൗലികാവകാശമാണ്. സ്ത്രീകൾക്ക് തൊഴിലെടുക്കുന്ന സ്ഥലങ്ങളിൽ അത് നിഷേധിക്കരുത്. നൈസർഗ്ഗികമായ കഴിവുകളുള്ള പ്രതിഭകളാണ് അഭിനയ രംഗത്തേക്ക് കടന്നുവരുന്നത്. സിനിമാരംഗത്തെ പുരുഷമേധാവിത്വ സമീപനം മാറണം. ചൂഷണവും പീഡനവും അവസാനിക്കണം എന്നൊക്കെയാണ് രണ്ട് ദിവസം മുൻപ് വരെ പി.കെ ശ്രീമതി സ്വന്തം ഫേസ്ബുക്ക് അക്കൗണ്ടിലൂടെ പ്രതികരിച്ചത്.
മുൻമന്ത്രി കെ.ക ശൈലജയും മുകേഷിന്റെ രാജി ആവശ്യത്തിൽ പ്രതികരണം മയപ്പെടുത്തി. ആർക്കെങ്കിലും എതിരെ ആരോപണം ഉയർന്നാൽ ഉടനെ രാജിവക്കാൻ പറയാൻ സർക്കാരിനാകില്ലെന്ന് ആയിരുന്നു കെകെ ശൈലജയുടെ പ്രതികരണം. അതിന് നിയമപരമായ വശമുണ്ട്. നേരത്തെയും ചിലർക്കെതിരെ ആരോപണങ്ങൾ വന്നപ്പോൾ ജനപ്രിതിനിധി സ്ഥാനത്ത് തുടർന്നുകൊണ്ടാണല്ലോ ആരോപണങ്ങൾ നേരിട്ടതെന്ന് ന്യായവും കെകെ ശൈലജ ക്യാപ്‌സൂളായി നിരത്തി. മുകേഷ് കുറ്റം ചെയ്തിട്ടുണ്ടെങ്കിൽ ജനപ്രതിനിധി സ്ഥാനത്ത് തുടരാൻ അർഹതയുണ്ടാകില്ല. നടപടിെയടുക്കും. അന്വേഷണത്തിന്റെ ആദ്യഘട്ടത്തിൽ തന്നെ ചോദിച്ചാൽ എങ്ങനെയാണ് ഞങ്ങളെപ്പോലുളളവർ മറുുപടി പറയുകയെന്നും ശൈലജ ചോദിക്കുന്നു.
മുകേഷ് എംഎൽഎ സ്ഥാനം രാജിവയ്‌ക്കണമെന്ന് കെകെ രമ എംഎൽഎ ഉൾപ്പെടെയുളളവർ ആവശ്യപ്പെട്ട് രംഗത്തെത്തിയിട്ടുണ്ട്. യുവമോർച്ചയും ബിജെപിയും ഉൾപ്പെടെയുളള രാഷ്‌ട്രീയ പാർട്ടികളും മുകേഷിന്റെ രാജി ആവശ്യപ്പെട്ട് പ്രതിഷേധം ശക്തമാക്കിക്കഴിഞ്ഞു. മുകേഷിനെതിരെ പരസ്യമായ പ്രതികരണവുമായി സിപിഐയുടെ ആനി രാജ ഉൾപ്പെടെയുളള വനിതാ നേതാക്കൾ കഴിഞ്ഞ ദിവസങ്ങളിൽ രംഗത്തെത്തിയിരുന്നു.
മുകേഷിനെതിരെ ഒന്നിലധികം യുവതികളാണ് ലൈംഗിക ആരോപണം ഉന്നയിച്ചത്. ഹേമ കമ്മിറ്റി റിപ്പോർട്ട് പുറത്തുവന്നതിന് പിന്നാലെ ജൂനിയർ നടിമാരും മറ്റും നടത്തിയ വെളിപ്പെടുത്തലുകളാണ് മുൻനിര താരങ്ങളെയടക്കം പ്രതിക്കൂട്ടിലാക്കിയത്. ആരോപണങ്ങളുടെ പശ്ചാത്തലത്തിൽ അമ്മ സംഘടനയുടെ ഭരണസമിതി പോലും ഒരുമിച്ച് രാജിവച്ചിട്ടും മുകേഷിനെ പാർട്ടി എന്തിനാണ് സംരക്ഷിക്കുന്നതെന്ന വിമർശനവും സമൂഹമാദ്ധ്യമങ്ങളിൽ ശക്തമാണ്. മുകേഷിനെതിരെ പരാതി ലഭിച്ചതോടെ പൊലീസ് കേസും എടുത്തിട്ടുണ്ട്.















