ശ്രീനഗർ: ജമ്മുകശ്മീരിലെ കുപ്‌വാരയിൽ നിയന്ത്രണരേഖയ്‌ക്ക് സമീപം നുഴഞ്ഞുകയറാൻ ശ്രമിച്ച 3 ഭീകരരെ വധിച്ച ഓപ്പറേഷനെക്കുറിച്ച് വിശദീകരിച്ച് സൈന്യം. നേരത്തെ ലഭിച്ച ഇന്റലിജൻസ് റിപ്പോർട്ടുകളുടെ അടിസ്ഥാനത്തിൽ നടത്തിയ പരിശോധനയായിരുന്നു ഏറ്റുമുട്ടലിൽ കലാശിച്ചതെന്നും പ്രതികൂല കാലാവസ്ഥയെ മറികടന്ന് ഓപ്പറേഷൻ വിജയകരമാക്കിയ സേനാംഗങ്ങളെ അഭിനന്ദിക്കുന്നതായും കരസേനയുടെ മുതിർന്ന ഉദ്യോഗസ്ഥൻ അറിയിച്ചു.
നിയന്ത്രണ രേഖയ്‌ക്ക് അപ്പുറത്ത് നിന്ന് ഭീകരർ നുഴഞ്ഞുകയറാൻ ശ്രമിക്കുന്നുണ്ടെന്ന വിവരം ഏതാനും ദിവസങ്ങൾക്ക് മുൻപ് പൊലീസിന് ലഭിച്ചിരുന്നു. തംഗ്ധാർ, മച്ഛൽ തുടങ്ങിയ മേഖലകളിലൂടെ ഓഗസ്റ്റ് 28ന് ഭീകരർ നുഴഞ്ഞുകയറുമെന്ന ഇന്റലിജൻസ് വിവരം ജമ്മുകശ്മീർ പൊലീസ് സ്ഥിരീകരിക്കുകയും ചെയ്തു. തുടർന്ന് ഇന്ത്യൻ ആർമി, കശ്മീർ പൊലീസ്, ബിഎസ്എഫ് എന്നീ സേനകൾ സംയുക്തമായി ഓപ്പറേഷൻ നടത്തുകയുമായിരുന്നു. വൈകിട്ട് എട്ട് മണിയോടെ മച്ഛലിൽ ഏറ്റുമുട്ടൽ ആരംഭിക്കുകയും ചെയ്തു. ഒമ്പത് മണിയോടെയാണ് തംഗ്ധാർ മേഖലയിൽ ഏറ്റുമുട്ടൽ തുടങ്ങിയത്.
ഇരു ഓപ്പറേഷനുകളിലുമായി മൂന്ന് ഭീകരർ കൊല്ലപ്പെട്ടു. മച്ഛലിൽ രണ്ട് പേരെയും തംഗ്ധാറിൽ ഒരാളെയും വധിച്ചു. തംഗ്ധാറിൽ ഒരു ഭീകരന് സാരമായി പരിക്കേറ്റതായും വിവരമുണ്ട്. പ്രതികൂലമായ കാലാവസ്ഥയിലും പ്രയാസകരമായ ഭൂപ്രകൃതിയിലുമാണ് രണ്ട് ഓപ്പറേഷനുകളും നടന്നത്. ദൗത്യം വിജയകരമായി പൂർത്തിയാക്കിയ എല്ലാ സുരക്ഷാ ഉദ്യോഗസ്ഥരെയും അഭിനന്ദിക്കുന്നതായി മുതിർന്ന സൈനിക ഉദ്യോഗസ്ഥൻ വാർത്താ സമ്മേളനത്തിൽ അറിയിച്ചു.