വിശാഖപട്ടണം : ഇന്ത്യയുടെ രണ്ടാമത്തെ ആണവോർജ്ജ ബാലിസ്റ്റിക് മിസൈൽ അന്തർവാഹിനിയായ ഐഎൻഎസ് അരിഘട്ട് ആന്ധ്രാപ്രദേശിലെ വിശാഖപട്ടണത്ത് വ്യാഴാഴ്ച നാവികസേനയിലേക്ക് കമ്മീഷൻ ചെയ്തു. ഐഎൻഎസ് അരിഹന്തിന്റെ നവീകരിച്ച പതിപ്പായ അന്തർവാഹിനി ഇന്ത്യയുടെ നാവിക ശേഷിയിലും ആണവ പ്രതിരോധത്തിലുമുള്ള കാതലായ മുന്നേറ്റത്തെ സൂചിപ്പിക്കുന്നു.
750 കിലോമീറ്റർ ദൂരപരിധിയുള്ള കെ-15 ബാലിസ്റ്റിക് മിസൈലുകൾ ഐഎൻഎസ് അരിഘട്ടിൽ ഉപയോഗിക്കാൻ സജ്ജമാകുമെന്ന് പ്രതീക്ഷിക്കുന്നു, ഇത് ഇന്ത്യൻ നാവികസേനയുടെ ആയുധശേഖരത്തിന് ഗണ്യമായ മുതൽക്കൂട്ടാണ്. വിശാഖപട്ടണത്തെ ഷിപ്പ് ബിൽഡിംഗ് സെൻ്ററിൽ (എസ്‌ബിസി) 2017-മുതൽ അന്തർവാഹിനി നിർമ്മാണം നടന്നു വരുന്നു.
സ്ട്രാറ്റജിക് ഫോഴ്‌സ് കമാൻഡിന് കീഴിലായിരിക്കും ഐഎൻഎസ് അരിഘട്ട് പ്രവർത്തിക്കുകയെന്ന് നാവിക സേന വൃത്തങ്ങൾ അറിയിച്ചു.
ഇന്ത്യയിലെ ആദ്യത്തെ SSBN, INS അരിഹന്ത്, 2016-ൽ കമ്മീഷൻ ചെയ്തു. ആണവായുധങ്ങൾ വഹിക്കാൻ ശേഷിയുള്ള ഇന്ത്യയുടെ മൂന്നാമത്തെ ആണവ അന്തർവാഹിനിയായ അരിധമൻ എന്ന എസ്-4 അടുത്ത വർഷം കമ്മീഷൻ ചെയ്യാനൊരുങ്ങുകയാണ്.തദ്ദേശീയമായി വികസിപ്പിച്ച സാങ്കേതികവിദ്യകളാണ് ആണവ അന്തർവാഹിനിയുടെ നിർമ്മാണത്തിലും പ്രയോജനപ്പെടുത്തിയത്















