തിരുവനന്തപുരം: നടൻ മുകേഷ് എംഎൽഎ പദവി രാജിവയ്‌ക്കുമോ എന്ന ചോദ്യത്തിന് മാദ്ധ്യമങ്ങൾക്കെതിരെ സജിചെറിയാൻ. ആരെക്കുറിച്ചും എന്തും വിളിച്ചു പറയാമെന്ന നിലയിലാണ് മാദ്ധ്യമങ്ങൾ പെരുമാറുന്നതെന്ന് അദ്ദേഹം കുറ്റപ്പെടുത്തി. തെറ്റുകൾ ചൂണ്ടിക്കാണിക്കണം. എന്നാൽ അതെങ്ങനെ സമൂഹത്തെ ബാധിക്കുമെന്ന് മാദ്ധ്യമങ്ങൾ ചിന്തിക്കണമെന്നും അദ്ദേഹം കൂട്ടിച്ചർത്തു.
മുകേഷുമായി ബന്ധപ്പെട്ട വിഷയത്തിൽ ‘നോ കമന്റ്‌സ്’ എന്നായിരുന്നു പിന്നീട് സജിചെറിയാന്റെ മറുപടി. കോടതിയുടെ പരിഗണനയിലിരിക്കുന്ന വിഷയമാണെന്നും അതിൽ പ്രതികരിക്കാനില്ലെന്നും സജിചെറിയാൻ വ്യക്തമാക്കി. മുകേഷ് എംഎൽഎ പദവി രാജി വച്ച് അന്വേഷണത്തിന് സഹകരിക്കണമെന്ന നിലപാട് സിപിഐ വ്യക്തമാക്കുമ്പോഴും മുകേഷ് രാജി വക്കേണ്ട എന്ന സിപിഎമ്മിന്റെ നിലപാട് തുറന്നുകാണിക്കുന്നതായിരുന്നു സജിചെറിയാന്റെ പ്രതികരണം.
അതേസമയം സിനിമാ നയരൂപീകരണ കമ്മിറ്റിയിൽ നയം രൂപീകരിക്കേണ്ടത് സർക്കാരും കാബിനറ്റും ചേർന്നാണെന്നും അദ്ദേഹം വാദിച്ചു. മുകേഷ് കമ്മിറ്റിയിലെ ഒരു അംഗം മാത്രമാണെന്നും ഇപ്പോഴത്തെ കമ്മിറ്റിയുടെ ചുമതല സിനിമാ നയത്തിന്റെ പ്രാഥമികരൂപം തയ്യാറാക്കൽ മാത്രമാണെന്നും മന്ത്രി ന്യായീകരിച്ചു.















