മെൽബൺ: ഒരിക്കൽ ഓസ്ട്രേലിയയുടെ ഭാവി താരമെന്ന് വാഴ്‌ത്തലിന് അർഹനായ വിൽ പുകോവ്സ്കി 26-ാം വയസിൽ ക്രിക്കറ്റ് മതിയാക്കി. കരിയറിലുടനീളം തലയ്‌ക്കേറ്റ പരിക്കുകളാണ് താരത്തെ ഈ തീരുമാനത്തിലേക്ക് നയിച്ചത്. ഡോക്ടർമാരുടെ നിർദ്ദേശ പ്രകാരമാണ് യുവതാരം പാഡ് അഴിച്ചത്.
ഏറ്റവും ഒടുവിൽ ഈ മാർച്ചിൽ ഷെഫീൾഡ് ഷീൾഡ് ടൂർണമെന്റിലെ മത്സരത്തിൽ റിലെ മെറെഡിത്തിന്റെ ഏറ് കൊണ്ട് തലയ്‌ക്ക് പരിക്കേറ്റ് മൈതാനം വിടേണ്ടിവന്നിരുന്നു. ഇതോടെ ഏറെ നാൾ ക്രിക്കറ്റിൽ നിന്ന് വിട്ടുനിൽക്കേണ്ടി വന്നു. തുടർന്ന് ലെസ്റ്റർഷെയറുമായുള്ള കരാർ ഉപേക്ഷിച്ചു. ആഭ്യന്തര ടൂർണമെന്റുകളിൽ താരത്തിന് നിരവധി തവണ തലയ്‌ക്ക് പരിക്കേറ്റിരുന്നു.
തുടരെയുള്ള പരിക്കുകൾ താരത്തിന്റെ മാനസികാരോഗ്യത്തെയും ബാധിച്ചു. 2021 ൽ സിഡ്നിയിൽ ഇന്ത്യക്കെതിരെ ടെസ്റ്റിൽ മാത്രമാണ് താരം ദേശീയ ടീമിൽ അരങ്ങേറിയത്. വിക്ടോറിയക്ക് വേണ്ടി 36 ഫസ്റ്റ് ക്ലാസ് മത്സരങ്ങൾ കളിച്ച താരം 7 സെഞ്ച്വറികളടക്കം 2,350 റൺസ് നേടി. 255 ആണ് മികച്ച സ്കോർ. കരിയറിലെ ഏക ടെസ്റ്റിൽ ഇന്ത്യക്കെതിരെ രണ്ട് ഇന്നിംഗ്സുകളിലുമായി 72 റൺസ് നേടി.
#BREAKING: Concussion has officially ended the career of one of Australian cricket’s brightest young stars. #9News pic.twitter.com/ehvBn6vAhb
— 9News Melbourne (@9NewsMelb) August 29, 2024















