വാഷിംഗ്ടൺ: പ്രസിഡന്റ് സ്ഥാനത്തേക്കുള്ള തന്റെ പോരാട്ടം അമേരിക്കയുടെ നല്ല ഭാവിക്ക് വേണ്ടിയാണെന്നും, ആ പോരാട്ടം അത്യാവശ്യമാണെന്നും ഡെമോക്രാറ്റിക് പ്രസിഡന്റ് സ്ഥാനാർത്ഥിയും വൈസ് പ്രസിഡന്റുമായ കമലാ ഹാരിസ്. ജോർജിയയിൽ ഒരു റാലിയെ അഭിസംബോധന ചെയ്ത് സംസാരിക്കുകയായിരുന്നു അവർ. തെരഞ്ഞെടുപ്പിൽ വിജയിക്കാൻ സാധിക്കുമെന്ന ശുഭപ്രതീക്ഷകളും അവർ പങ്കുവച്ചു.
” 68 ദിവസങ്ങൾ കൂടി ഇനി മുന്നിലുണ്ട്. ഞങ്ങൾ പരമാവധി വേഗതയിൽ വേഗതയിൽ മുന്നോട്ട് പോകാൻ ശ്രമിക്കുന്നു. അതിനായി നല്ല രീതിയിൽ കഠിനാധ്വാനം ചെയ്യുന്നു. എന്നാൽ ഇങ്ങനെ കഷ്ടപ്പെടുന്നതും ആസ്വദിക്കുകയാണ്. നിങ്ങൾ ഓരോരുത്തരുടേയും സഹായത്തോടെ നവംബറിൽ നടക്കുന്ന തെരഞ്ഞെടുപ്പിൽ വിജയിക്കും. അധികാരത്തിലിരുന്ന സമയത്തെല്ലാം രാജ്യത്തെ മുഴുവൻ ജനങ്ങൾക്കും വേണ്ടിയാണ് നിലകൊണ്ടിട്ടുള്ളത്.
അതുകൊണ്ട് തന്നെ ഇത്തരം കഠിനമായ പോരാട്ടങ്ങൾ എനിക്ക് അപരിചിതമല്ല. ഞാൻ ആദ്യം ഒരു പ്രോസിക്യൂട്ടറായിരുന്നു. കോടതിയിൽ ദിവസവും ജഡ്ജിയുടെ മുന്നിൽ നിന്ന് സംസാരിക്കുമായിരുന്നു. സാധാരണക്കാരെ ചൂഷണം ചെയ്യുന്നവർക്കെതിരെ അന്നും ശബ്ദമുയർത്തി. ആ ഓഫീസിനുള്ളിലെ പോരാട്ടം പോലും ഒരു ഘട്ടത്തിലും എളുപ്പമായിരുന്നില്ല. അതുകൊണ്ട് തന്നെ ഭാവിക്ക് വേണ്ടി പോരാടുക എന്നത് വളരെ പ്രധാനപ്പെട്ട കാര്യമായി തന്നെ കരുതുന്നു. രാജ്യത്തിന്റെ ഭാവിയിലെ ഓരോ മുന്നേറ്റങ്ങൾക്കും വേണ്ടി നമ്മൾ ഈ പോരാട്ടം തുടർന്നേ മതിയാകൂ” എന്നും കമലാ ഹാരിസ് പറയുന്നു.
തെരഞ്ഞെടുപ്പിൽ വിജയിച്ചാൽ തന്റെ മന്ത്രിസഭയിൽ ഒരു റിപ്പബ്ലിക്കൻ പ്രതിനിധിയേയും ഉൾപ്പെടുത്തുമെന്നും കമല ഹാരിസ് പറയുന്നു. ” തെരഞ്ഞെടുപ്പിന് ഇനിയും ദിവസങ്ങൾ ബാക്കിയുണ്ട്. വിജയിച്ച് കഴിഞ്ഞാൽ രാജ്യത്തെ മുന്നോട്ട് കൊണ്ടു പോകാൻ എല്ലാ കോണുകളിൽ നിന്നുമുള്ള അഭിപ്രായങ്ങളും നമുക്ക് ആവശ്യമാണ്. ഒരു തീരുമാനം എടുക്കുമ്പോൾ വ്യത്യസ്ത കോണുകളിൽ നിന്നുള്ള അഭിപ്രായങ്ങൾക്ക് വലിയ പ്രാധാന്യമുണ്ടെന്നാണ് ഞാൻ കരുതുന്നത്. അതുകൊണ്ട് തന്നെ കാബിനറ്റിൽ ഒരു റിപ്പബ്ലിക്കൻ അംഗം ഉണ്ടാകുന്നത് നല്ലതാണെന്ന് കരുതുന്നതായും” കമലാ ഹാരിസ് വ്യക്തമാക്കി.