ഹൈദരാബാദ് : ക്ഷേത്ര സ്ഥാനങ്ങൾ സനാതന വിശ്വാസികൾക്ക് മാത്രമാണെന്ന് ഉറപ്പ് നൽകി മുഖ്യമന്ത്രി .എൻ ചന്ദ്രബാബു നായിഡു. ഹിന്ദുമത എൻഡോവ്‌മെൻ്റ് വകുപ്പുമായി നടത്തിയ സുപ്രധാന യോഗത്തിൽ, സംസ്ഥാനത്തെ ക്ഷേത്രങ്ങളിൽ ജോലികൾക്കായി ഹിന്ദുക്കളെ മാത്രമേ നിയമിക്കൂവെന്ന് അദ്ദേഹം വ്യക്തമാക്കി.
ക്ഷേത്രങ്ങൾ പുനരുജ്ജീവിപ്പിക്കാനും മതപരമായ വിനോദസഞ്ചാരം പ്രോത്സാഹിപ്പിക്കാനും ആന്ധ്രാപ്രദേശിലുടനീളം ആത്മീയവും സാംസ്കാരികവുമായ സമഗ്രത ഉറപ്പാക്കാനുമുള്ള പദ്ധതിയാണ് സംസ്ഥാനസ സർക്കാർ ആവിഷ്ക്കരിക്കുന്നതെന്ന് ചന്ദ്രബാബു നായിഡു പറഞ്ഞു. . സംസ്ഥാനത്തുടനീളമുള്ള വിവിധ ക്ഷേത്രങ്ങളിൽ പ്രവർത്തിക്കുന്ന 1683 അർച്ചകരുടെ ശമ്പളം പ്രതിമാസം 10,000 രൂപയിൽ നിന്ന് 15,000 രൂപയായി ഉയർത്താനും നായിഡു സർക്കാർ തീരുമാനിച്ചു.
കൂടാതെ, ധൂപ ദീപ നൈവേദ്യം സ്കീമിന് കീഴിൽ ചെറിയ ക്ഷേത്രങ്ങൾക്ക് അനുവദിച്ച പ്രതിമാസ സാമ്പത്തിക സഹായം 5,000 രൂപയിൽ നിന്ന് 10,000 രൂപയായി ഉയർത്താനും, സർക്കാർ തീരുമാനിച്ചു. വേദവിദ്യ പൂർത്തിയാക്കിയെങ്കിലും നിലവിൽ തൊഴിൽരഹിതരായ യുവാക്കൾക്ക് പ്രതിമാസം 3,000 രൂപ നൽകാനുള്ള നിർദ്ദേശവും അംഗീകരിച്ചു. ക്ഷേത്രങ്ങളിൽ സേവിക്കുന്ന നായ് ബ്രാഹ്മണർക്ക് 25,000 രൂപ മിനിമം പ്രതിമാസ വേതനവും ഏർപ്പെടുത്തി.
പ്രകൃതി ഭംഗിയും മതപരമായ പ്രാധാന്യവും സംരക്ഷിക്കുന്നതിനായി ക്ഷേത്ര വികസനത്തിന്, പ്രത്യേകിച്ച് വനപ്രദേശങ്ങളിലെ ക്ഷേത്ര വികസനത്തിന് മേൽനോട്ടം വഹിക്കാൻ ടൂറിസം വകുപ്പ്, ഹിന്ദു ചാരിറ്റീസ് വകുപ്പ്, വനം വകുപ്പ് ഉദ്യോഗസ്ഥർ ഉൾപ്പെടുന്ന ഒരു കമ്മിറ്റി രൂപീകരിക്കുമെന്ന് മുഖ്യമന്ത്രി ചന്ദ്രബാബു നായിഡു പ്രഖ്യാപിച്ചു.
ക്ഷേത്ര ട്രസ്റ്റിലേക്ക് രണ്ട് അധിക ഭരണസമിതി അംഗങ്ങളെ ചേർക്കാനും യോഗത്തിൽ തീരുമാനമായി. 20 കോടി രൂപയോ അതിൽ കൂടുതലോ വരുമാനമുള്ള ക്ഷേത്രങ്ങളിൽ ട്രസ്റ്റ് ബോർഡിൽ 15 അംഗങ്ങളാണുള്ളത്. ഇനി ഇത് പതിനേഴായി ഉയർത്തും. കൂടാതെ, തെരഞ്ഞെടുപ്പിന് മുമ്പ് എൻഡിഎ വാഗ്ദാനം ചെയ്തതുപോലെ ട്രസ്റ്റ് ബോർഡിൽ ഒരു ബ്രാഹ്മണനെയും നായ് ബ്രാഹ്മണനെയും ഉൾപ്പെടുത്തും .
ഭക്തരുടെ വികാരങ്ങൾ വളരെ പ്രധാനപ്പെട്ടതാണെന്നും അഹിന്ദുക്കൾ ക്ഷേത്രങ്ങളിൽ പ്രവർത്തിക്കരുതെന്നും അദ്ദേഹം പറഞ്ഞു. നിർബന്ധിത മതപരിവർത്തനം ആന്ധ്രാപ്രദേശിൽ പാടില്ല. ഹിന്ദു ക്ഷേത്രങ്ങളിൽ അഹിന്ദുക്കൾക്ക് ജോലി നൽകരുത്. ആന്ധ്രാപ്രദേശിലെ 1,110 ക്ഷേത്രങ്ങൾക്ക് ട്രസ്റ്റിമാരെ നിയമിക്കാൻ പോകുകയാണ്,” മുഖ്യമന്ത്രി പറഞ്ഞു.
നിലവിൽ അനധികൃതമായി ആളുകൾ കൈവശപ്പെടുത്തിയിരിക്കുന്ന 87,000 ഏക്കർ ക്ഷേത്രഭൂമി നിയമനടപടികളിലൂടെ തിരികെപ്പിടിക്കുമെന്നും മുഖ്യമന്ത്രി വ്യക്തമാക്കി.















