താരസംഘടന അമ്മയിൽ യാതൊരുവിധ പ്രശ്നങ്ങളുമില്ലെന്ന് സംവിധായനും നടനുമായ ലാൽ. ഒരാളെ പൂട്ടാമെന്ന് വിചാരിക്കുന്ന കൊള്ള സംഘമൊന്നുമല്ല അമ്മയെന്നും അദ്ദേഹം പറഞ്ഞു. സംഘടനയിലെ ആരും കുഴപ്പക്കാരല്ലെന്നും എല്ലാവരും ഒരേ മനസോടെ ഒത്തൊരുമയോടെ പ്രവർത്തിക്കുന്ന സംഘടനയാണെന്നും അദ്ദേഹം പറഞ്ഞു.
കൂട്ട രാജി വച്ചാലും ഒരാൾ രാജി വച്ചാലും ചോദ്യങ്ങൾ ഉണ്ടാകും. കുറ്റം ചെയ്തവർ ശിക്ഷിക്കപ്പെടണം, അന്വേഷിക്കണം, ആരെയും വെറുതെ വിടരുതെന്നും അദ്ദേഹം മാദ്ധ്യമങ്ങളോട് പറഞ്ഞു. ശത്രുത കൊണ്ടോ കള്ളപ്പരാതികൾ കൊണ്ടോ കുറ്റം ചെയ്യാത്തവർ ശിക്ഷിക്കപ്പെടരുത്. എന്തേ ഒന്നും ചെയ്യാത്തതെന്ന് എല്ലാവരും ചോദിക്കുന്നുണ്ട്. എന്നാൽ എന്താണ് ചെയ്യേണ്ടതെന്ന് നിങ്ങള് മാദ്ധ്യമങ്ങൾ പറയൂ. എന്ത് ചെയ്താലും രണ്ട് പക്ഷമുണ്ടാകുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
അമ്മയുടെ നേതൃത്വത്തിൽ ജൂനിയേഴ്സോ സീനിയേഴ്സോ വരട്ടെ. അവിടുത്തെ മീറ്റിംഗങ്ങുകളിൽ ഒരു പ്രശ്നവും ഉണ്ടാവില്ല. സ്വസ്തമായിരുന്നാണ് തീരുമാനമെടുക്കുന്നതെന്നും അല്ലാതെ കൊള്ളസംഘമല്ല അമ്മയെന്നും അദ്ദേഹം പറഞ്ഞു. അഭിനേതാക്കളാരും രാഷ്ട്രീയക്കാരോ വലിയ ബുദ്ധിയുള്ള ആളുകളോ ഒന്നുമല്ല. അതിന്റേതായ തെറ്റുകുറ്റങ്ങളും കുഴപ്പങ്ങളും കാണും. എന്തായാലും അവർ മോശക്കാരല്ല.
സിനിമയിൽ പ്രശ്നങ്ങളുണ്ടെന്നത് സത്യമായ കാര്യമാണ്. എല്ലായിടത്തും പ്രശ്നങ്ങളുണ്ട്. അത് എവിടെയും ഉണ്ടാകാൻ പാടില്ലെന്നാണ് തന്റെ അഭിപ്രായമെന്നും ലാൽ പറഞ്ഞു. സിനിമയിൽ ഒരു പക്ഷേ അത് കൂടുതലായിരിക്കാം. മുകേഷ് പാർട്ടി വക്താവാണ്. അതിനാൽ അവരാണ് തീരുമാനമെടുക്കേണ്ടത്. തെറ്റുക്കാരനാണെങ്കിൽ അന്വേഷണം നടത്തി അവർ ശിക്ഷിക്കപ്പെടണമെന്നും ലാൽ അഭിപ്രായപ്പെട്ടു.