ന്യൂഡൽഹി: കോളേജ് ഹോസ്റ്റലിലെ ശുചിമുറിയിൽ ഒളിക്യാമറ കണ്ടെത്തിയതിന് പിന്നാലെ വൻ പ്രതിഷേധവുമായി വിദ്യാർത്ഥിനികൾ. ആന്ധ്രയിലെ എൻജിനീയറിംഗ് കോളേജിന്റെ ഗേൾസ് ഹോസ്റ്റലിലാണ് സംഭവമുണ്ടായത്. കേസുമായി ബന്ധപ്പെട്ട് ഒരു വിദ്യാർത്ഥിയെ പൊലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്. ബോയ്സ് ഹോസ്റ്റലിൽ നിന്നാണ് വിദ്യാർത്ഥിയെ പിടികൂടിയത്. ബി.ടെക് അവസാന വർഷ വിദ്യാർത്ഥി വിജയ് കുമാറിനെയും ഇയാളുടെ ലാപ്ടോപും കസ്റ്റഡിയിലെടുത്തതായി പൊലീസ് അറിയിച്ചു.
കൃഷ്ണ ജില്ലയിലെ ഗുഡ്ലാവെല്ലേരു എൻജിനീയറിംഗ് കോളേജിലെ ക്യാമ്പസ് ഹോസ്റ്റിലിനുള്ളിലാണ് ഒളിക്യാമറ സ്ഥാപിച്ചിരുന്നത്. ഹോസ്റ്റലിലെ ശുചിമുറിയിൽ നിന്ന് ഒരു സംഘം പെൺകുട്ടികൾ ഒളിക്യാമറ കണ്ടെടുക്കുകയായിരുന്നു. ക്യാമറയിൽ പകർത്തിയ ദൃശ്യങ്ങൾ പലതും ആൺകുട്ടികളുടെ ഹോസ്റ്റലിൽ പ്രചരിക്കപ്പെട്ടതായാണ് വിവരം. ഇതോടെയായിരുന്നു വിദ്യാർത്ഥിനികൾ പ്രതിഷേധമാരംഭിച്ചത്.
വിദ്യാർത്ഥിനികളുടെ സ്വകാര്യ ദൃശ്യങ്ങൾ പകർത്തി അത് ആൺകുട്ടികൾക്ക് വിൽപന ചെയ്യുകയായിരുന്നുവെന്നാണ് സൂചന. മുന്നൂറോളം സ്വകാര്യ ഫോട്ടോകളും വീഡിയോകളും ചോർന്നിട്ടുണ്ട്. സീനിയർ വിദ്യാർത്ഥി വിജയ് ആയിരുന്നു ദൃശ്യങ്ങൾ വിൽപന നടത്തിയിരുന്നത്. നിരവധി വിദ്യാർത്ഥികൾ വിജയുടെ പക്കൽ നിന്ന് പണം നൽകി വീഡിയോകൾ വാങ്ങിയിരുന്നുവെന്നും വിവരമുണ്ട്. ഒളിക്യാമറ സ്ഥാപിക്കാൻ വിജയിയെ സഹായിച്ച വിദ്യാർത്ഥികളെ കണ്ടെത്തുമെന്ന് പൊലീസ് അറിയിച്ചു.