സിനിമയെ വെല്ലുന്ന ട്വിസ്റ്റുകളും സസ്‌പെൻസുകളും ഒളിപ്പിച്ചൊരു പ്രൊപ്പോസലിനായിരുന്നു സോഷ്യൽ മീഡിയ അടുത്തിടെ സാക്ഷ്യം വഹിച്ചത്. മലയാളികൾക്ക് ഏറെ പ്രിയങ്കരനായ മുടിയൻ എന്നറിയപ്പെടുന്ന ഋഷിയുടെ പ്രൊപ്പോസൽ വീഡിയോയാണ് ഇപ്പോൾ സമൂഹമാദ്ധ്യമങ്ങളിൽ ട്രെൻഡിംഗിൽ ഒന്നാമത്. തന്റെ പ്രണയം വെളിപ്പെടുത്തികൊണ്ട് താരം വീഡിയോ പങ്കുവച്ചെങ്കിലും ആരാണ് കാമുകിയെന്ന് ഋഷി പറഞ്ഞിരുന്നില്ല. എന്നാൽ ഇപ്പോൾ ആ സസ്‌പെൻസ് പൊളിച്ചിരിക്കുകയാണ് താരം.
നടിയും നർത്തകിയുമായ ഡോ. ഐശ്വര്യ ഉണ്ണിയാണ് ഋഷിയുടെ ഭാവി വധു. ആറ് വർഷത്തെ പ്രണയത്തിനൊടുവിലാണ് ഇരുവരുടെയും പ്രണയം, താരം വെളിപ്പെടുത്തിയത്. നേരത്തെ ഐശ്വര്യയുമായി നടന്നു പോകുന്നതിന്റെ വീഡിയോയാണ് താരം പങ്കുവച്ചത്. പിന്നാലെയാണ് ആരാണ് തന്റെ കാമുകിയെന്ന് ആരാധകരോട് ഋഷി വെളിപ്പെടുത്തിയത്. ഇതിന്റെ മുഴുവൻ വീഡിയോയും താരം യൂട്യൂബിൽ പങ്കുവച്ചു.
View this post on Instagram
ഐശ്വര്യയെ പ്രൊപ്പോസ് ചെയ്യുന്നതിന് മുമ്പായി അമ്മയോട് ഋഷി അനുവാദം വാങ്ങുന്നുണ്ട്. പൂർണ സമ്മതമെന്നാണ് അമ്മയുടെ മറുപടി. ഇതിന് ശേഷം അനുജന്റെ സഹായത്തോടെയാണ് ഐശ്വര്യയെ പ്രൊപ്പോസ് ചെയ്യുന്നതിനായുള്ള ക്രമീകരണങ്ങൾ മുടിയൻ ഒരുക്കിയത്. കാമുകിക്കായി ഒരുപാട് സമ്മാനങ്ങൾ ഒരുക്കി ട്രഷർ ഹണ്ട് രീതിയിലാണ് പ്രൊപ്പോസ് ചെയ്തത്.
ഇതാണ് എന്റെ ബൂബു എന്നു പറഞ്ഞാണ് ആരാധകർക്കായി ഋഷി, ഐശ്വര്യയെ പരിചയപ്പെടുത്തുന്നത്. ഇന്ദ്രിയ സാൻഡ്‌സ് റിസോർട്ടിൽ ഐശ്വര്യയെ പ്രൊപ്പോസ് ചെയ്യുന്നതിനായി പ്രത്യേക വേദിയും താരം ഒരുക്കിയിരുന്നു. പ്രൊപ്പോസ് ചെയ്തത് വളരെ പെട്ടന്നായി പോയോ എന്ന ഋഷിയുടെ ചോദ്യത്തിന് ആറ് വർഷമായി ഈ നിമിഷത്തിന് കാത്തിരിക്കുന്നുവെന്നായിരുന്നു ഐശ്വര്യയുടെ മറുപടി. ഇരുവരുടെയും സുഹൃത്തുക്കളും ബന്ധുക്കളും ഈ സന്തോഷത്തിൽ പങ്കെടുക്കാനായി എത്തിയിരുന്നു.















