വഡോദര: ഗുജറാത്തിൽ മഴ കനത്തതോടെ പ്രളയത്തെ മാത്രമല്ല മുതലകളോടും മല്ലിടേണ്ട ഗതികേടിലാണ് ജനങ്ങൾ. പത്തും പതിനഞ്ചും അടി നീളമുള്ള നിരവധി മുതലകളെയാണ് കഴിഞ്ഞ ഏതാനും ദിവസങ്ങളായി വഡോദരയിലെ വിവിധ നഗരങ്ങളിലായി കണ്ടെത്തിയത്.
മൂന്ന് ദിവസം മഴ നിർത്താതെ പെയ്തതോടെ വിശ്വാമിത്ര നദി കരകവിഞ്ഞൊഴുകിയിരുന്നു. തുടർന്നാണ് നദിയിലെ നൂറുക്കണക്കിന് മുതലകൾ നഗരപ്രദേശങ്ങളിലേക്കും വീടുകളിലേക്കും ഒഴുകിയെത്തിയത്. നടുറോഡിൽ, പാർക്കുകളിൽ, വീടുകളുടെ മുറ്റത്ത്, യൂണിവേഴ്സിറ്റി ക്യാമ്പസിലെല്ലാം മുതലകൾ എത്തി. വെള്ളപ്പൊക്കം രൂക്ഷമായ പല സ്ഥലങ്ങളിലെയും വീടുകളുടെ മേൽക്കൂരകളിൽ മുതലകളെ കാണുന്ന സാഹചര്യമുണ്ടായിരുന്നു. വിശ്വാമിത്രി നദി മുന്നൂറോളം മുതലകളുടെ വാസസ്ഥലമാണ്. നഗരം വെള്ളക്കെട്ടിലായതോടെ നദിയിൽ നിന്ന് മുതലകൾ ഒഴുകിയെത്തുകയായിരുന്നു.
ഗുജറാത്തിലെമ്പാടും പെയ്ത ശക്തമായ മഴയിൽ കഴിഞ്ഞ അഞ്ച് ദിവസത്തിനിടെ 26 പേരുടെ മരണം റിപ്പോർട്ട് ചെയ്തു. വ്യാഴാഴ്ച മാത്രം 1,785 പേരെയാണ് ദൗത്യസംഘം രക്ഷപ്പെടുത്തിയത്. 13,183 പേരെ സുരക്ഷിത സ്ഥാനത്തേക്ക് മാറ്റിപ്പാർപ്പിച്ചു. വെള്ളക്കെട്ടുള്ള മേഖലകളിൽ നിന്ന് 50,000 പേർ ക്യാമ്പുകളിലേക്കും ബന്ധുവീടുകളിലേക്കും മാറിയിട്ടുണ്ട്. ഇന്ത്യൻ ആർമിയും എൻഡിആർഎഫും എസ്ഡിആർഎഫും ചേർന്നാണ് രക്ഷാപ്രവർത്തനം നടത്തുന്നത്. ഗുജറാത്തിലെ വഡോദര, ദ്വാരക, ജാംനഗർ, രാജ്കോട്ട്, കച്ച് എന്നീ ജില്ലകളെയാണ് ഏറ്റവുമധികം പ്രളയം ബാധിച്ചത്.