ആലപ്പുഴ: ഹരിപ്പാടിൽ നിയന്ത്രണം വിട്ട സ്‌കൂട്ടർ തുണിക്കടയിൽ ഇടിച്ചുകയറി അപകടം. തുണിക്കെട്ടുകളിൽ ഇടിച്ചു നിന്നതിനാൽ കടയിലുണ്ടായിരുന്നവർ തലനാരിഴയ്‌ക്ക് രക്ഷപ്പെട്ടു. ഇന്നലെ ഉച്ചയ്‌ക്കായിരുന്നു സംഭവം.
ഹരിപ്പാടിലെ സ്മിത ടെക്‌സ്റ്റൈൽസിലേക്കാണ് സ്‌കൂട്ടർ ഇടിച്ചുകയറിയത്. തുണികൾ വാങ്ങാനായി ഒരു കുടുംബം കടയിലേക്കെത്തിയിരുന്നു. ഭർത്താവും കുഞ്ഞുമായിരുന്നു സ്‌കൂട്ടറിലുണ്ടായിരുന്നത്. ഭാര്യ തുണികൾ നോക്കുന്നതിനിടയിൽ പുറത്ത് സ്‌കൂട്ടറിലിരിക്കുകയായിരുന്ന കുഞ്ഞ് സ്‌കൂട്ടറിന്റെ ആക്‌സിലേറ്റർ തിരിച്ചതോടെ വാഹനം നിയന്ത്രണം വിടുകയായിരുന്നുവെന്ന് ഭർത്താവ് പറഞ്ഞു.
ഭാര്യയെ ഇടിച്ചുതെറിപ്പിച്ചാണ് വാഹനം കടക്കുള്ളിലേക്ക് കയറിയത്. എന്നാൽ യുവതി തുണിക്കെട്ടിലേക്ക് വീണതിനാൽ വൻ അപകടം ഒഴിവായി. തുടർന്ന് കടക്കുള്ളിലെ മറ്റ് ജീവനക്കാർ ചേർന്ന് സ്‌കൂട്ടർ പുറത്തെത്തിക്കുകയായിരുന്നു.