അക്രമിക്കാനെത്തുന്നവരുടെ ചങ്ക് തകർത്ത് മുന്നേറുന്ന ഇന്ത്യയെയാണ് അടുത്തിടെ ലോകരാജ്യങ്ങൾ കാണുന്നത്. കാലപ്പഴക്കം ചെന്ന ആയുധങ്ങളുമായി ശത്രുക്കളെ നേരിടാനിറങ്ങുന്ന ഇന്ത്യൻ സൈന്യത്തെയല്ല ഇന്ന് ലോകം കാണുന്നത്. അത്യാധുനീക സാങ്കേതികവിദ്യകൾ സമന്വയിപ്പിച്ച യുദ്ധോപകരണങ്ങളുമായി ശത്രുപാളയത്തെ വിറപ്പിക്കുന്ന ഇന്ത്യൻ സൈന്യമാണിന്നുളളത്. നരേന്ദ്രമോദി സർക്കാർ അധികാരത്തിലെത്തിയ 2014 ന് ശേഷം ഇന്ത്യൻ സൈന്യം അടിമുടി നവീകരണത്തിന്റെ പാതയിലായിരുന്നു. അതിന്റെ തുടർച്ചയാണ് കഴിഞ്ഞ ദിവസം പുറത്തിറക്കിയ രണ്ടാമത്തെ ആണവ അന്തർവാഹിനി.
ഇന്ത്യയുടെ സൈനിക ശേഷിക്ക് ഇരട്ടിക്കരുത്തും ആത്മവിശ്വാസവും നൽകുന്നതാണ് എഎൻഎസ് അരിഹന്ത്. ഇതിന് പിന്നാലെയാണ് മൂന്നാമത്തെ ആണവ അന്തർവാഹിനിയും അണിയറയിൽ ഒരുങ്ങുന്നുവെന്ന വാർത്തകൾ പുറത്തുവന്നത്. മൂന്ന് ആണവ അന്തർവാഹിനികളും സേനയുടെ ഭാഗമാകുന്നതോടെ സമുദ്രസുരക്ഷയിൽ ഭാരതം ചോദ്യം ചെയ്യാനാകാത്ത ശക്തിയായി മാറും. പ്രത്യേകിച്ച് ഇന്തോ -പസഫിക് മേഖലയിലെ ആധിപത്യമാണ് മോദി സർക്കാർ ഇതിലൂടെ ലക്ഷ്യമിടുന്നത്.
ഏറ്റവും വിശ്വസ്തമായ തദ്ദേശീയ ആണവ പ്രതിരോധമാർഗം സ്വന്തമാക്കുക എന്ന ഇന്ത്യയുടെ ലക്ഷ്യം മുൻനിർത്തിയുളള ‘ഇന്ത്യ ഫസ്റ്റ്’ നയമാണ് മോദി സർക്കാർ നടപ്പാക്കുന്നത്. സൈനിക പ്രഹരശേഷിയിൽ കരസേനയ്‌ക്കൊപ്പം നിൽക്കുന്ന രണ്ടാമത്തെ ശക്തിയായി നാവികസേനയെയും പ്രാപ്തമാക്കുകയെന്ന സൈനികതന്ത്രം കൂടിയാണ് മോദി സർക്കാർ ഇവിടെ നടപ്പിലാക്കുന്നത്.
ആദ്യത്തെ ബാലിസ്റ്റിക് മിസൈൽ അന്തർവാഹിനി ഐഎൻഎസ് അരിഹന്ത് കമ്മീഷൻ ചെയ്ത്, ഏഴ് വർഷത്തിന് ശേഷമാണ് ഇപ്പോൾ ഐഎൻഎസ് അരിഘട്ട് കമ്മീഷൻ ചെയ്തത്. 2016 ലായിരുന്നു ഐഎൻഎസ് അരിഹന്ത് കമ്മീഷൻ ചെയ്തത്. മൂന്നാമത്തെ ആണവ അന്തർവാഹിനിയായ ഐഎൻഎസ് അരിധമൻ അടുത്ത വർഷമാണ് കമ്മീഷൻ ചെയ്യാനിരിക്കുന്നത്. നേരത്തെ 2021 ൽ ഇന്ത്യയുടെ ആദ്യ ബാലിസ്റ്റിക് മിസൈൽ ട്രാക്കർ കപ്പലായ ഐഎൻഎസ് ധ്രുവ് കമ്മീഷൻ ചെയ്തിരുന്നു.
ഇന്തോ-പസഫിക്കിലെ ഇന്ത്യയുടെ സൈനികശേഷിയെ ശക്തിപ്പെടുത്തുക മാത്രമല്ല, ശത്രുരാജ്യങ്ങളുടെ നെഞ്ചിൽ തീകോരിയിടുന്നത് കൂടിയാണ് ഭാരതത്തിന്റെ ഈ നീക്കങ്ങൾ. ഇന്ന് രണ്ട് വിമാനവാഹിനിക്കപ്പലുകൾ, ഡിസ്‌ട്രോയറുകൾ, ഫ്രിഗേറ്റുകൾ, ഡീസൽ ആക്രമണ അന്തർവാഹിനികൾ എന്നിവ ഇന്ത്യൻ മഹാസമുദ്ര മേഖലയിൽ ശക്തമായ ആധിപത്യം പുലർത്താൻ ഇന്ത്യയ്‌ക്ക് കരുത്തായുണ്ട്. ഏത് ആക്രമണത്തെയും ഇരട്ടി കരുത്തോടെ തിരിച്ചടിക്കാൻ ശേഷിയുണ്ടെന്ന സന്ദേശം കൂടിയാണ് ഇത് ശത്രുക്കൾക്ക് നൽകുന്നത്.
സമുദ്രമേഖലയിൽ ഭാവി ഓപ്പറേഷനുകൾക്കായി ഹൈഡ്രോഗ്രാഫിക് സർവ്വെ നടത്തുന്ന ചൈനയുടെ നാവികസേനയെക്കൂടി പ്രതിരോധിക്കാൻ ലക്ഷ്യമിട്ടാണ് ഇന്ത്യയുടെ ഈ നീക്കങ്ങൾ.