റാഞ്ചി: ഝാർഖണ്ഡ് മുൻ മുഖ്യമന്ത്രിയും ഝാർഖണ്ഡ് മുക്തി മോർച്ച (JMM) മുൻ നേതാവുമായ ചംപൈ സോറൻ ബിജെപിയിൽ ചേർന്നു. കേന്ദ്രമന്ത്രി ശിവരാജ് സിംഗ് ചൗഹാൻ, അസം മുഖ്യമന്ത്രി ഹിമന്ത ബിശ്വ ശർമ, ഝാർഖണ്ഡ് ബിജെപി അദ്ധ്യക്ഷൻ ബാബുലാൽ മരന്ദി എന്നിവരുടെ സാന്നിധ്യത്തിൽ നടന്ന ചടങ്ങിലായിരുന്നു ചംപൈ സോറന്റെ ബിജെപി പ്രവേശനം.
കഴിഞ്ഞ ബുധനാഴ്ചയായിരുന്നു ചംപൈ സോറൻ ജെഎംഎമ്മിൽ നിന്ന് രാജിവച്ചത്. വർഷങ്ങളോളം താൻ സേവനം ചെയ്ത ജെഎംഎമ്മിന്റെ നിലവിലെ പ്രവർത്തനശൈലിയും നയങ്ങളുമാണ് പാർട്ടി വിടാൻ നിർബന്ധിതനാക്കിയതെന്ന് ചംപൈ സോറൻ പ്രതികരിച്ചിരുന്നു. ഒപ്പം തന്നെ ഝാർഖണ്ഡ് മന്ത്രിസഭയിലെ ചുമതലയും എംഎൽഎ സ്ഥാനവും അദ്ദേഹം രാജിവച്ചു.
കുടുംബത്തിന് തുല്യമായിരുന്നു ജെഎംഎം. അവിടെ നിന്ന് പുറത്തുപോകുമെന്ന് സ്വപ്നത്തിൽ പോലും കരുതിയിരുന്നില്ല. വളരെ വേദനയോടെയാണ് ഈ തീരുമാനം കൈക്കൊണ്ടത്. കഴിഞ്ഞ ഏതാനും നാളുകൾക്കിടയിൽ നടന്ന സംഭവവികാസങ്ങളാണ് അതിലേക്ക് നയിച്ചതെന്നും ജെഎംഎം നേതാവ് ഷിബു സോറന് നൽകിയ രാജിക്കത്തിൽ ചംപൈ സോറൻ വ്യക്തമാക്കി. അനാരോഗ്യം കാരണം രാഷ്‌ട്രീയത്തിൽ സജീവമല്ലെങ്കിലും ഷിബു സോറൻ എന്നും തന്റെ വഴികാട്ടിയായിരിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
കള്ളപ്പണം വെളുപ്പിക്കൽ കേസുമായി ബന്ധപ്പെട്ട് JMM നേതാവും മുഖ്യമന്ത്രിയുമായ ഹേമന്ത് സോറൻ ഇഡിയുടെ അറസ്റ്റിലായതിനെ തുടർന്നാണ് ചംപൈ സോറൻ ഝാർഖണ്ഡ് മുഖ്യമന്ത്രിയായത്. ഫെബ്രുവരി രണ്ടിനായിരുന്നു സംഭവം. എന്നാൽ ഹേമന്തിന് ജൂലൈയിൽ ജാമ്യം ലഭിച്ചതിന് പിന്നാലെ പദവിയിൽ നിന്നൊഴിയാൻ ചംപൈ സോറൻ നിർബന്ധിതനായി. മുഖ്യമന്ത്രി എന്ന നിലയിൽ സ്വന്തം പാർട്ടിയിൽ നിന്ന് ലഭിച്ച പരിഗണന തീർത്തും അപമാനകരമാണെന്ന് ചംപൈ സോറൻ മനസുതുറന്നിരുന്നു.















