നടൻ പൃഥ്വിരാജിന് ഇരട്ടത്താപ്പെന്ന് വിമർശനം. ഹേമാ കമ്മിറ്റി റിപ്പോർട്ടിലും നടന്മാർക്കെതിരെ ഉയർന്ന ലൈംഗികാരോപണത്തിലും ശക്തമായ ഭാഷയിൽ പ്രതികരിച്ച പൃഥ്വിരാജ് തന്റെ സിനിമാ സെറ്റുകളിൽ നടന്ന ലൈംഗിക പീഡനങ്ങൾ കണ്ടില്ലെന്ന് നടിക്കുകയാണെന്ന് സമൂഹ മാധ്യമങ്ങളിൽ വിമർശനം കനക്കുന്നു. പൃഥ്വിരാജ് ചിത്രം ‘ബ്രോ ഡാഡി’യിൽ അവസരം നൽകാമെന്ന പേരിൽ യുവതിയെ പീഡിപ്പിച്ച വിവരം പുറത്തുവന്നിട്ടും എന്തുകൊണ്ടാണ് നടൻ മൗനം പാലിക്കുന്നതെന്നും ജനങ്ങൾ ചോദിക്കുന്നു.
“ഹേമ കമ്മീഷനുമായി ആദ്യം സംസാരിച്ച ഒരാളാണ് ഞാൻ. സിനിമാ മേഖലയിൽ സ്ത്രീകൾ നേരിടുന്ന പ്രശ്നങ്ങളെ കുറിച്ച് സമഗ്രമായ പഠനം നടത്താനാണ് ഈ റിപ്പോർട്ട്. കുറ്റകൃത്യം നടത്തിയ ആൾക്കാർക്കെതിരെ തുടർനടപടികൾ എന്താണെന്ന് അറിയാനുള്ള ആകാംക്ഷ എനിക്കുണ്ട്. ഞാൻ ഇതിൽ ഇല്ല എന്ന് സ്ഥാപിക്കുന്നിടത്ത് തീരുന്നതല്ല എന്റെ ഉത്തരവാദിത്വം. എന്റെ തൊഴിലിടങ്ങൾ സുരക്ഷിതമാക്കുന്നതിൽ എന്റെ ഉത്തരവാദിത്തം അവസാനിക്കുന്നില്ല”-എന്നായിരുന്നു ഹേമാ കമ്മിറ്റി റിപ്പോർട്ട് പുറത്തുവന്നതിന് പിന്നാലെ പൃഥ്വിരാജ് പ്രതികരിച്ചത്.
എന്നാൽ, ബ്രോ ഡാഡിയിൽ അവസരം നൽകാമെന്ന് പറഞ്ഞ് 2021 സെപ്റ്റംബറില്‍ ഷൂട്ടിങ്ങ് ദിവസം ഹൈദരബാദിലെ ഹോട്ടലിലേക്ക് വിളിച്ച് ലഹരിപാനീയം നല്‍കി മയക്കിയാണ് സിനിമയുടെ അസി.ഡയറക്ടര്‍ മന്‍സൂര്‍ റഷീദ് യുവതിയെ പീഡിപ്പിച്ചത്. നഗ്നചിത്രങ്ങള്‍ അയച്ച് ഭീഷണിപ്പെടുത്തി പണം ആവശ്യപ്പെട്ടെന്നും യുവതി പരാതിപ്പെട്ടിട്ടുണ്ട്.
ഇത്രയും വലിയ കുറ്റകൃത്യം തന്റെ സിനിമയുടെ മറവിൽ നടന്നിട്ടും ഒരക്ഷരം പോലും ഇതിൽ പ്രതികരിക്കാൻ പൃഥ്വിരാജ് തയ്യാറായിട്ടില്ല. നിലപാടിൽ വെള്ളം ചേർക്കുന്ന പരിപാടിയാണ് നടന്റേതെന്നും വിമർശനം ഉയരുന്നു. “ഞാൻ സുരക്ഷിതമാക്കുമെന്ന് എനിക്ക് ഉറപ്പ് നൽകാൻ കഴിയുന്നത് എന്റെ തൊഴിലിടമാണ്” എന്നതായിരുന്നു പൃഥ്വിരാജിന്റെ അവകാശവാദം.
തൊഴിലിടത്തിൽ നടന്ന പീഡനമായതിനാൽ ബ്രോ ഡാഡിയുടെ സംവിധായകൻ കൂടിയായ പൃഥ്വിരാജിനോട് പോലീസ് സംഭവത്തെപ്പറ്റി അന്വേഷിച്ചിട്ടുണ്ടോ എന്ന് നടൻ വെളിപ്പെടുത്തണം. ഇങ്ങനെയൊരു സംഭവം അറിഞ്ഞിട്ടുണ്ടെങ്കിൽ ആരോപിതനെതിരെ പൃഥ്വിരാജ് കേസ് നൽകിയിട്ടുണ്ടോ എന്നും ചോദ്യങ്ങൾ ഉയരുന്നു. എല്ലാ കാര്യങ്ങൾക്കും പ്രതികരിക്കുന്ന പൃഥ്വിരാജ് ഈ വിഷയത്തിൽ ഉടൻ വിശദീകരണം നൽകണമെന്നാണ് സമൂഹമാധ്യമങ്ങളിലൂടെ ജനങ്ങൾ ആവശ്യപ്പെടുന്നത്.















