ലൈംഗിക ആരോപണങ്ങൾ നേരിടുന്ന മുകേഷ് എംഎൽഎ സ്ഥാനം രാജിവെക്കേണ്ട എന്ന കേരള സിപിഎം നേതാക്കളുടെ വാദം തള്ളി സിപിഎം പോളിറ്റ് ബ്യൂറോ അംഗം വൃന്ദ കാരാട്ട്. നീ അത് ചെയ്തു അതുകൊണ്ട് ഞാനും അത് ചെയ്യുന്നു എന്നത് ശരിയല്ലെന്ന് വൃന്ദ കാരാട്ട് വ്യക്തമാക്കി. പാർട്ടി വെബ്സൈറ്റിൽ പങ്കുവച്ച ലേഖനത്തിലാണ് വൃന്ദ കാരാട്ട് ഇക്കാര്യം ചൂണ്ടിക്കാട്ടിയത്.
ലൈംഗിക ആരോപണങ്ങൾ നേരിട്ട കോൺഗ്രസ് എംഎൽഎമാർ രാജിവച്ചിട്ടില്ലെന്ന ക്യാപ്‌സൂൾ നിരത്തി മുകേഷിനെ സംരക്ഷിക്കുന്ന ഇ പി ജയരാജൻ ഉൾപ്പെടെയുള്ള മുതിർന്ന നേതാക്കളുടെ പ്രസ്താവനകൾക്ക് പിന്നാലെയാണ് വനിതാ ദേശീയ നേതാവിന്റെ വിമർശനം. കുറ്റാരോപിതരെ സിപിഎം സംരക്ഷിക്കുന്നുവെന്ന കോൺഗ്രസിന്റെ വാദത്തിന് മറുപടിയാണ് മുകേഷിനെതിരായ കേസെന്നും പ്രത്യേക അന്വേഷണ സംഘം അത് കൃത്യമായി അന്വേഷിക്കുന്നുണ്ടെന്നും വൃന്ദ കാരാട്ട് പരാമർശിച്ചു.
സിപിഐ നേതാവ് ആനിരാജ ഉൾപ്പെടെ മുകേഷിന്റെ രാജി ആവശ്യപ്പെട്ട് രംഗത്തെത്തിയിരുന്നു. എന്നാലും മുകേഷ് എന്തിന് രാജിവെക്കണമെന്ന നിലപാടിലാണ് കേരളത്തിലെ നേതാക്കൾ. ഇതിനിടയിലാണ് പാർട്ടിയിലെ മുതിർന്ന വനിതാ നേതാവ് പരോക്ഷമായി വിമർശനം ഉന്നയിച്ചിരിക്കുന്നത്.
അതേസമയം, സിപിഐ സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വം മുഖ്യമന്ത്രി പിണറായി വിജയനെ നേരിട്ട് കണ്ട് മുകേഷിന്റെ രാജികാര്യം ആവശ്യപ്പെട്ടിട്ടുണ്ട്.