‘ജിയോ AI ഡോക്ടർ’ അവതരിപ്പിച്ച് റിലയൻസ് ഇൻഡസ്ട്രീസ് ചെയർമാൻ മുകേഷ് അംബാനി. റിലയൻസ് ഇൻഡസ്ട്രീസിന്റെ 47-ാമത് വാർഷിക യോഗത്തിലായിരുന്നു മുകേഷ് അംബാനിയുടെ പ്രഖ്യാപനം.
ആർട്ടിഫിഷ്യൽ ഇൻ്റലിജൻസ് ഉപയോഗിച്ചാണ് ഈ നൂതന സാങ്കേതികവിദ്യ പ്രവർത്തിക്കുക. മെഡിക്കൽ രംഗത്ത് വിപ്ലവം സൃഷ്ടിക്കാനും രാജ്യത്തുടനീളം ആരോഗ്യ സംരക്ഷണം മെച്ചപ്പെടുത്താനും ജിയോ AI ഡോക്ടർ സഹായിക്കുമെന്ന് അദ്ദേഹം പറഞ്ഞു. സ്മാർട്ട്ഫോൺ ഉപയോഗിക്കുന്നതുപോലെ എളുപ്പത്തിൽ ഉപയോഗിക്കാൻ കഴിയുന്ന ഒന്നാണ് ജിയോ AI ഡോക്ടറെന്നും അദ്ദേഹം വ്യക്തമാക്കി.
ദശലക്ഷക്കണക്കിന് ഇന്ത്യക്കാരിലേക്ക് സ്മാർട്ട്ഫോണുകളെത്താൻ ജിയോ സഹായിച്ചതുപോലെ രാജ്യമെമ്പാടുമുള്ളവരിലേക്ക് AI ഡോക്ടറുടെ സേവനവുമെത്തും. അതും താങ്ങാവുന്ന ചെലവിൽ ഡോക്ടറുടെ സേവനം വിരൽത്തുമ്പിൽ പ്രാപ്തമാക്കുമെന്ന് മുകേഷ് അംബാനി അറിയിച്ചു.
എന്താണ് ജിയോ AI ഡോക്ടർ
വെർച്ച്വൽ ഡോക്ടർ മുഖേന രോഗം കണ്ടെത്താനും ചികിത്സകൾ ശുപാർശ ചെയ്യാനും സഹായിക്കുന്നതാണ് ജിയോ AI ഡോക്ടർ. കൂടാതെ ഒരു വ്യക്തിയുടെ ഹെൽത്ത് റെക്കോർഡുകൾ ഡിജിറ്റൽ രൂപത്തിൽ ഇവിടെ സൂക്ഷിക്കപ്പെടുന്നു.
സവിശേഷതകൾ:
ജിയോ AI ഡോക്ടറുടെ സേവനം 24/7 ലഭ്യമാണ്. രോഗങ്ങൾ വിശകലനം ചെയ്യാനും സമയബന്ധിതമായ ചികിത്സാ നിർദ്ദേശങ്ങൾ നൽകാനും ജിയോ AI ഡോക്ടർമാർക്ക് കഴിയും. ആരോഗ്യകരമായ ജീവിതശൈലി പ്രോത്സാഹിപ്പിക്കുന്നതിന് വേണ്ട മാർഗനിർദേശങ്ങളും ജിയോ AI ഡോക്ടർ നൽകും. അതുവഴി ഭാവിയിൽ രോഗങ്ങൾ വരുന്നത് ഒരുപരിധി വരെ തടയാനും കഴിയും.