എറണാകുളം: സംവിധായകൻ രഞ്ജിത്തിനെതിരായ പീഡനക്കേസിൽ ഉറച്ചു നിൽക്കുന്നുവെന്ന് ഇരയായ കോഴിക്കോട് സ്വദേശി. കേസ് പിൻവലിക്കുന്നതിനായി സമ്മർദ്ദവും ഭീഷണിയും നേരിടുന്നുണ്ടെന്ന് യുവാവ് പറഞ്ഞു. നിരവധി പേർ തന്നെ സ്വാധീനിക്കാൻ ശ്രമിച്ചെന്നും യുവാവ് വ്യക്തമാക്കി.
സിനിമയിൽ അവസരം വാഗ്ദാനം ചെയ്ത് പീഡിപ്പിച്ചെന്ന യുവാവിന്റെ മൊഴി പൊലീസ് രേഖപ്പെടുത്തി. ഐശ്വര്യ ഡോങ്‌റെ ഉൾപ്പെടെയുള്ള സംഘമാണ് മൊഴിയെടുത്തത്. തനിക്ക് നീതിവേണമെന്നും കേസുമായി ബന്ധപ്പെട്ട് കൂടുതൽ കാര്യങ്ങൾ അന്വേഷണ സംഘത്തിനോട് വെളിപ്പെടുത്താനുണ്ടെന്നും യുവാവ് പറഞ്ഞു. രഞ്ജിത്തിനെതിരെ കയ്യിലുള്ള തെളിവുകൾ പൊലീസിന് കൈമാറും. കേസ് പിൻവലിക്കണമെന്നാവശ്യപ്പെട്ട് പലരും സ്വാധീനിക്കാൻ ശ്രമിച്ചെങ്കിലും പിന്മാറില്ലെന്ന് അദ്ദേഹം വ്യക്തമാക്കി.
ബെംഗളൂരുവിലെ ഹോട്ടൽ മുറിയിൽ വച്ച് രഞ്ജിത്ത് പീഡിപ്പിച്ചെന്ന ഗുരുതര ആരോപണം കഴിഞ്ഞ ദിവസമാണ് യുവാവ് ഉന്നയിച്ചത്. രഞ്ജിത്ത് ലൈംഗികാതിക്രമം നടത്തിയെന്ന ബംഗാളി നടിയുടെ വെളിപ്പെടുത്തലിന് പിന്നാലെയായിരുന്നു യുവാവിന്റെ ആരോപണം. തന്റെ നഗ്ന ചിത്രങ്ങൾ നടി രേവതിക്ക്, രഞ്ജിത്ത് അയച്ചു നൽകിയതായും യുവാവ് ആരോപിച്ചിരുന്നു.















