തിരുവനന്തപുരം: സിനിമാ മേഖലയിലെ ലൈംഗിചൂഷണ ആരോപണങ്ങളിൽ കുടുങ്ങിയ കൊല്ലം എംഎൽഎ മുകേഷ് കേസിന്റെ ആവശ്യങ്ങൾക്ക് അഭിഭാഷകരെ കാണാനും മറ്റുമായി കൊച്ചിയിലെത്തിയത് വാഹനത്തിലെ എംഎൽഎ ബോർഡ് ഉൾപ്പെടെ അഴിച്ചുമാറ്റി. രാവിലെയാണ് തിരുവനന്തപുരത്തെ വീട്ടിൽ നിന്നും മുകേഷ് കൊച്ചിയിലേക്ക് പുറപ്പെട്ടത്. ഇന്നലെ തന്നെ വാഹനത്തിലെ ബോർഡ് അഴിച്ചുമാറ്റിയിരുന്നു.
മുകേഷിനെതിരെ കഴിഞ്ഞ ദിവസങ്ങളിൽ ബിജെപിയുടെയും യുവമോർച്ചയുടെയും കോൺഗ്രസ് സംഘടനകളുടെയും പ്രതിഷേധങ്ങൾ ശക്തമായിരുന്നു. കൊല്ലത്തെ എംഎൽഎ ഓഫീസിലുൾപ്പെടെ ദിവസവും പ്രതിഷേധങ്ങൾ നടക്കുന്നുണ്ട്. അതുകൊണ്ടു തന്നെ ആളുകൾ തിരിച്ചറിഞ്ഞാൽ വഴിതടയലോ അക്രമമോ ഉണ്ടാകാനുളള സാദ്ധ്യത കണക്കിലെടുത്താണ് ബോർഡ് അഴിച്ചുമാറ്റിയതെന്നാണ് വിവരം.
മാദ്ധ്യമങ്ങൾക്ക് മുഖം തരാതെയാണ് മുകേഷിന്റെ ഒളിച്ചോട്ടം.
“ഏത് സമയത്ത് വിളിച്ചാലും മുകേഷ് ചോദ്യം ചെയ്യലിന് ഹാജരാകും. അന്വേഷണ സംഘത്തിൽ നിന്ന് ഒളിച്ചോടില്ല. കേസുമായി ബന്ധപ്പെട്ട് എന്ത് കാര്യം സംബന്ധിച്ചും അന്വേഷണ സംഘത്തിന് ചോദ്യം ചെയ്യാം. എന്നാൽ അന്വേഷണം സംഘം ഇതുവരെ നോട്ടീസ് നൽകിയിട്ടില്ലെന്നും” അഭിഭാഷകൻ പറഞ്ഞു.
നടിക്കെതിരെ തന്റെ പക്കൽ തെളിവുകളുണ്ടെന്നും മുകേഷ് അവകാശപ്പെട്ടിരുന്നു. എന്നാൽ, തെളിവുണ്ടെങ്കിൽ അത് ധൈര്യത്തോടെ പുറത്തുവിടണമെന്ന് പരാതിക്കാരിയും വ്യക്തമാക്കിയിരുന്നു.